കെ.പി.സി.സി പുന:സംഘടന ഈമാസം 17നകം പ്രഖ്യാപിച്ചേക്കും. ഭിന്നത നിലനിൽക്കുന്നത് 5 ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റുന്നതിനെ ചൊല്ലി. പത്തനംതിട്ടയിലെ നിയമനം സാമുദായിക പ്രാതിനിധ്യം നോക്കി. സമവായം ഉണ്ടാക്കി പട്ടിക ഹൈക്കമാൻഡിന് കൈമാറാനുളള തിരക്കിട്ട ശ്രമത്തിൽ സണ്ണി ജോസഫും കെ.സി.വേണുഗോപാലും

New Update
vd satheesan sunny joseph kc venugopal

തിരുവനന്തപുരം: നേതാക്കളുടെ പിടിവാശിയിൽ തട്ടി നിൽക്കുന്ന കെ.പി.സി.സി പുന:സംഘടന ഈമാസം 17നകം പ്രഖ്യാപിക്കാൻ ശ്രമം. 

Advertisment

സംസ്ഥാനത്ത് സമവായം ഉണ്ടാക്കി പട്ടിക ഹൈക്കമാൻഡിന് കൈമാറാനുളള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. 

ഇന്നലെ തലസ്ഥാനത്ത് ഉണ്ടായിരുന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് ഞായറാഴ്ചക്ക് മുൻപ് പട്ടിക കൈമാറാനുളള ശ്രമം ആരംഭിച്ചിരിക്കുന്നത്.


വർക്കിങ്ങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥും  ചർച്ചയിൽ പങ്കാളിയായി. വർക്കിങ്ങ് പ്രസി‍ഡന്റുമാരായ എ.പി.അനിൽകുമാറും ഷാഫി പറമ്പിലും അടക്കമുളളവരും പട്ടിക തയാറാക്കുന്ന ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ട്. 


ഡി.സി.സികളുടെ തലപ്പത്ത് ആര് വരണമെന്നതിലെ തർക്കം അവസാനിപ്പിക്കാനായാൽ പുന:സംഘടന വേഗത്തിൽ നടക്കും.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റുന്നതിനെ ചൊല്ലിയാണ് ഭിന്നത നിലനിൽക്കുന്നത്.

17നകം പുന:സംഘടന നടത്താനായില്ലെങ്കിൽ പിന്നെ അടുത്തമാസം മാത്രമെ നടക്കൂ എന്നതിനാലാണ് സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുളള തിരക്കിട്ട ശ്രമം നടക്കുന്നത്.

242424


17ന് രമേശ് ചെന്നിത്തല വിദേശ പര്യടനത്തിന് പോകുകയാണ്. ഈമാസം അവസാനത്തോടേ തിരിച്ചെത്തുകയുളളു. സെപ്റ്റംബ‍ർ ആദ്യവാരം ഓണം ആയതിനാൽ ചർച്ചകൾ നടക്കാനുളള സാധ്യത കുറവാണ്.


ഓണത്തിരക്ക് കഴിയുമ്പോഴേക്കും കാര്യങ്ങൾ സെപ്റ്റംബർ രണ്ടാം വാരത്തിലെത്തും. ഇത് മനസിലാക്കി കൊണ്ടാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സമവായം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഫ്രീഡം നൈറ്റ് മാർച്ചിനായി ഇന്ന് എ.ഐ.സി.സിയുടെ സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സംസ്ഥാനത്തെ സമവായ ചർച്ചക്ക് കെ.സി.വേണുഗോപാൽ കൂടി മുൻകൈ എടുത്താൽ ഭിന്നത വേഗം പരിഹരിക്കപ്പെട്ടേക്കും.

ചില ഡി.സി.സി അധ്യക്ഷൻമാരെ മാത്രം മാറ്റാതെ തൃശൂർ ഒഴികെയുളള എല്ലാ ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.


ഇത് അനുസരിച്ചുളള ചർച്ചകൾ തടസങ്ങളില്ലാതെ നീങ്ങാൻ കെ.സി.വേണുഗോപാലിൻെറ ഇടപെടൽ സഹായിക്കുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ.


kc venugopal Untitledkol

തിരുവനന്തപുരം ഡി.സി.സി തലപ്പത്ത് ആരെ നിയമിക്കണം എന്നതിനെ സംബന്ധിച്ച തർക്കമാണ് കെ.പി.സി.സി പുന:സംഘടന വൈകിപ്പിക്കുന്നത്. 

ചെമ്പഴന്തി അനിലിനെ അധ്യക്ഷനാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ ആവശ്യം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നും സതീശൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ റെഡ് ക്രോസുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസുകളും നേരിടുന്ന ചെമ്പഴന്തി അനിലിനെ അധ്യക്ഷൻ ആക്കുന്നതിനെ വലിയൊരു വിഭാഗം എതിർ‍ക്കുന്നുണ്ട്.

മണക്കാട് സുരേഷ്, ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയ പേരുകളാണ് ബദലായി ഉയർത്തുന്നത്. താൽക്കാലികമായി ഡി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത എൻ.ശക്തൻ തുടരട്ടെയെന്നും അഭിപ്രായമുണ്ട്.


കൊല്ലം ഡി.സി.സി അധ്യക്ഷൻ രാജേന്ദ്രപ്രസാദിനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷ് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അവിടെ പുതിയ നേതൃത്വം വന്നേക്കും.


കരുനാഗപ്പളളി എം.എൽ.എ സി.ആർ.മഹേഷിനാണ് കൊല്ലത്ത് സാധ്യത. ജില്ലാ നേതാക്കൾ മഹേഷിനെ കണ്ട് അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 

ഇടത് കോട്ടയായ കരുനാഗപ്പളളി മണ്ഡലത്തിൽ 34000ൽപരം വോട്ടുകൾക്ക് വിജയം കുറിച്ച നേതാവാണ് സി.ആർ.മഹേഷ്.

തിരുവനന്തപുരത്തെയും കൊല്ലത്തെയും അധ്യക്ഷൻ ആരെന്ന് വ്യക്തമായശേഷം സാമുദായിക പ്രാതിനിധ്യം നോക്കിയാകും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുക.

ആലപ്പുഴയിൽ കെ.ആർ.രാജേന്ദ്രപ്രസാദിൻെറ പേരിനാണ് മുൻതൂക്കം. വയലാർ രവിയുടെ അനുയായി ആയിരുന്ന രാജേന്ദ്രപ്രസാദ് പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുളള നേതാവാണ്.

Advertisment