അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നു പരാതി. നടന്‍ കൃഷ്ണപ്രസാദിനും സഹോദരന്‍ കൃഷ്ണകുമാറിനുമെതിരെ കേസ്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്

കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണു മര്‍ദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു മര്‍ദനത്തിനു കാരണം എന്നു പരാതിയില്‍ പറയുന്നു

New Update
1

കോട്ടയം: അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങനാശേരി സ്വദേശിയും നടനുമായ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരന്‍ കൃഷ്ണകുമാറിനുമെതിരെ കേസെടുത്തു. ചങ്ങാനാശേരി പോലീസാണു കേസെടുത്തത്.

Advertisment

കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണു മര്‍ദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു മര്‍ദനത്തിനു കാരണം എന്നു പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്ടര്‍ പുറത്തു വിട്ടിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

 ചങ്ങനാശേരി പെരുന്നയില്‍ ഡോ. ശ്രീകുമാറിന് പാരമ്പര്യമായി കിട്ടിയ ഭൂമി ഉണ്ട്.

ഈ ഭൂമിയില്‍ ഇദ്ദേഹം കഴിഞ്ഞ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

ഈ പുരയിടത്തിനോട് ചേര്‍ന്ന് സിനിമാതാരം കൃഷ്ണ പ്രസാദിന് നിലവില്‍ ഭൂമിയുണ്ട്.

കൃഷ്ണപ്രസാദിന്റെ ഭൂമിയില്‍ നിന്നും മലിനജലമടക്കം ഡോ.ശ്രീകുമാറിന്റെ പുരയിടത്തിലൂടെയാണ് പുറത്തേക്ക് ഒഴുകിയിരുന്നത്. 

kr1

ഡോ.ശ്രീകുമാറിന്റെ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ കൃഷ്ണപ്രസാദിന്റെ പുരയിടത്തില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുമെന്ന് പരാതി ഇദ്ദേഹം പറഞ്ഞു. 

ഈ മലിനജലം അടക്കം റോഡിലേക്ക് ഒഴുകിപ്പോകുന്ന സാഹചര്യമുണ്ടാകും.

ഈ സാഹചര്യത്തില്‍ തനിക്ക് ഓട നിര്‍മ്മിച്ച് നല്‍കിയ ശേഷം മാത്രമേ ശ്രീകുമാറിന്റെ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവൂവെന്ന് കൃഷ്ണപ്രസാദ് നിലപാടെടുത്തു.

ഡോ. ശ്രീകുമാര്‍ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ചങ്ങനാശ്ശേരി നഗരസഭയിലും വില്ലേജിലും കൃഷ്ണപ്രസാദ് പരാതിയും നല്‍കിയിരുന്നു. 

ഈ പരാതി പരിശോധിക്കുന്നതിനായി ചങ്ങനാശ്ശേരി താലൂക്ക് ഓഫീസറും , വില്ലേജിലെ ജീവനക്കാരനും ശ്രീകുമാറിന്റെ പുരയിടത്തില്‍ എത്തിയപ്പോഴാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. 

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ ഒന്നുമില്ലെന്നും, കൃത്യമായ പെര്‍മിറ്റോട് കൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കണ്ടെത്തി. 

 ഉദ്യോഗസ്ഥര്‍ മടങ്ങി പോകുന്നതിനിടെ കൃഷ്ണപ്രസാദ് , പിന്നില്‍ നിന്നും എത്തി ഡോ. ശ്രീകുമാറിനെ ആക്രമിക്കുകയായിരുന്നു. 

ആദ്യം തലയിലും, പിന്നീട് പിന്തുടര്‍ന്നെത്തി മുഖത്തും മൂക്കിലും മര്‍ദിച്ചു. ഈ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഡോ.ശ്രീകുമാറിനെ ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേ സമയം, മര്‍ദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നാണു നടന്‍ കൃഷ്ണപ്രസാദിന്റെ പ്രതികരണം.

Advertisment