/sathyam/media/media_files/2025/01/10/uAXXWQmBGDDodHa9dt4q.jpg)
തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ സേഫ്റ്റി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
ഏറെ അപകട സാധ്യതയുമുള്ള വൈദ്യുതി മേഖലയില്‍ ശ്രദ്ധാപൂര്‍വ്വം ജോലി ചെയ്യുന്നതിനും അതുവഴി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിനെ അപകടകരഹിതമായ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സേഫ്റ്റി കോണ്‍ക്ലേവിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി 2025 മാര്‍ച്ച് 20-ന് കാട്ടാക്കടയില്‍ നിര്‍വഹിക്കുന്നതാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എച്ച്.ആര്‍.എം, സ്‌പോര്‍ട്‌സ്, വെല്‍ഫയര്‍, സേഫ്റ്റി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് ഡയറക്ടര്‍ സുരേന്ദ്ര.പി, ഡിസ്ട്രിബ്യൂഷന്‍ ആന്റ് എസ്.സി.എം. ഡയറക്ടര്‍ സജി പൗലോസ്, ഡിസ്ട്രിബ്യൂഷന്‍ സൗത്ത് ചീഫ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ കെ.ആര്‍. തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്.
വൈദ്യുതി രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കിടയില്‍ സുരക്ഷാ അവബോധം നല്‍കുക, സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, ജീവന്‍ രക്ഷിക്കാന്‍ മതിയായ സുരക്ഷ ശീലങ്ങള്‍ നിര്‍ബന്ധമാക്കുക, ശരിയായ സുരക്ഷാ തൊഴില്‍ സംസ്‌കാരത്തിലൂടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ ഇല്ലാതാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുക, സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഭാവി ശുഭകരമാക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യത്തോടെയാണ് സേഫ്റ്റി കോണ്‍ക്ലേവ് പദ്ധതി സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.