/sathyam/media/media_files/2025/08/13/ksfe-2025-08-13-21-01-46.jpg)
തിരുവനന്തപുരം : ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്.
മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി. കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ കേവലം പണമിടപാട് മാത്രമല്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും കെഎസ്എഫ്ഇ നൽകുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി മുന്നേറാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിയണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നയവൈകല്യങ്ങളാൽ തകരുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഒരു ബദലായി ഉയർന്നുവരികയാണെന്നും നവകേരളം സൃഷ്ട്ടിക്കുന്നതിൽ സുപ്രധാന പങ്ക് സ്ഥാപനത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1967-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെഎസ്എഫ്ഇ രൂപീകൃതമായത്. സ്വകാര്യ ചൂഷകരുടെ കൈകളിലായിരുന്ന ചിട്ടി രംഗത്തിന് ഒരു ബദൽ എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ തുടങ്ങിയത്. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ട് പോകാൻ സ്ഥാപനത്തിന് കഴിഞ്ഞു. ചിട്ടിക്ക് പുറമെ സ്വർണ്ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ എന്നിങ്ങനെ സാധാരണക്കാർക്ക് സഹായം നൽകുന്ന ഒട്ടേറെ പദ്ധതികൾ കെഎസ്എഫ്ഇ നടപ്പാക്കിയിട്ടുണ്ട്.
പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 683 ശാഖകളുള്ളതും ഒരു ലക്ഷം കോടിയിലേറെ രൂപ ബിസിനസ്സുമുള്ള സ്ഥാപനമായി മാറി. പ്രതിവർഷം 60 ലക്ഷം ധന ഇടപാടുകൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. 2016 ലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെഎസ്എഫ്ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിലേറെ വളർച്ച നേടി. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്നും 500 കോടി രൂപയായി വർദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.