Advertisment

15 വ‌ർഷം പൂർത്തിയാകുന്ന 1117 കെഎസ്ആർടിസി ബസുകളുടെ സർവിസ് കാലാവധി നീട്ടി സര്‍ക്കാർ

New Update
ponkunnam ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ കാലാവധി നീട്ടി ​ഗതാ​ഗതവകുപ്പ്. ഈ മാസം 30ന് 15 വർഷം പൂർത്തിയാവുന്ന ബസുകളുടെ കാലാവധിയാണ് രണ്ട് വർഷത്തേക്ക് കൂടി നീട്ടിയത്. ഇത്രയേറെ ബസുകൾ പെട്ടെന്ന് പിൻവലിച്ചാലുണ്ടാവുന്ന യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് സർക്കാർ അവകാശപ്പെടുന്നു.

Advertisment

1117 ബസുകളുടെ കാലാവധിയാണ് നീട്ടി നൽകിയത്. ഇതു കൂടാതെ കെ.എസ്.ആർ.ടി.സിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നൽകി. 15 വർഷത്തിലധികം ഓടിയ കെ.എസ്.ആർ.ടി.സി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിനൽകിയത്.

രണ്ട് വർഷത്തേക്കു കൂടി കാലാവധി നീട്ടണമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. അല്ലാത്തപക്ഷം സെപ്റ്റംബർ 30ന് ശേഷം കോർപറേഷന്റെ 1270 വാഹനങ്ങൾ (1117 ബസുകൾ, 153 മറ്റു വാഹനങ്ങൾ) നിരത്തിലിറക്കാൻ കഴിയാതെ വൻ പ്രതിസന്ധിക്കിടയാക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രജിസ്‌ട്രേഷൻ റദ്ദാക്കുന്ന വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ധനസഹായം അനുവദിച്ചിട്ടില്ല എന്നതും സ്വകാര്യ ബസുകളുടെ കാലാവധി 22 വർഷമായി സർക്കാർ ഉയർത്തിനൽകിയതും കൂടി പരിഗണിച്ച് കെ.എസ്.ആർ.ടി.സിയുടെ കാലാവധി നീട്ടണമെന്നും എം.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

Advertisment