കൊല്ലം: പാരിപ്പള്ളി കല്ലുവാതുക്കലിന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടരയോടെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. കളിയിക്കാവിളയിൽ നിന്നു കൊല്ലം ഭാഗത്തേക്ക് പോയ ബസും ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രവുമാണ് അപകടത്തിൽപ്പെട്ടത്.
പാരിപ്പള്ളി പോലീസ് സ്ഥളത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസവുമുണ്ടായി.