കോട്ടയം : കോട്ടയം കൊടുങ്ങൂരിലെ കെ. എസ്. ആര്‍. ടി. സി ബസിന്റെ അപകടകരമായ യാത്രയ്ക്കെതിരെ പോലീസ് നടപടി.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. വകുപ്പു തല നടപടിയ്ക്കും ശിപാര്‍ശ ചെയ്തു. റോഡില്‍ അശ്രദ്ധമായി വാഹനം നിര്‍ത്തിയതിന് സ്വകാര്യ ബസിനെതിരെയും നടപടി.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങില്‍ യുവതി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഇടതുവശത്തു കൂടിയുള്ള ഓവര്‍ ടേക്ക്.
കോട്ടയം കൊടുങ്ങൂര്‍ പതിനെട്ടാം മൈലില്‍ ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണു സംഭവം.
സ്വകാര്യ ബസില്‍ നിന്നും സ്റ്റോപ്പില്‍ ഇറങ്ങിയ യുവതിയുടെ തൊട്ട് സമീപത്തു കൂടിയാണ് ഇടതുവശം വഴി കെ.എസ്.ആര്‍.ടി.സി ബസ് ഓവര്‍ ടേക്ക് ചെയ്തത്.
കെ.എസ്.ആര്‍.ടി.സി ബസിന്റെ അപകടരമായ ഈ യാത്രയില്‍ തലനാരിഴയ്ക്കാണ് യാത്രക്കാരി രക്ഷപെട്ടത്.
സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി ഓര്‍ടേക്ക് ചെയ്ത കെ.എസ്.ആര്‍.ടി.സി ബസിന്റെ യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ദൃശ്യങ്ങള്‍ വരെ പെട്ടന്നു തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ഇതു പരിശോധിച്ച ശേഷമാണു പോലീസിന്റെ നടപടി. സംഭവത്തില്‍ അശ്രദ്ധമായി വാഹനം റോഡില്‍ നിര്‍ത്തിയതിനു സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.