തിരുവനന്തപുരം: നാളെ മുതൽ 13 വരെ തീയതികളിൽ കുട്ടിക്കൂട്ടുകാർക്ക് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ സൗജന്യമായി നഗരം ചുറ്റാം. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുതിയ ഓഫർ.
കുട്ടികൾക്ക് സൗജന്യമായി കെഎസ്ആർടിസിയിൽ നഗരം ചുറ്റാൻ അവസരമൊരുക്കുന്ന കാര്യം സ്പീക്കർ എ എൻ ഷംസീറും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം പുസ്തകോത്സവത്തിലും പങ്കാളികളാകാം.
കലോത്സവത്തിന്റെ കൂടി പശ്ചാത്തലത്തിൽ വ്യത്യസ്തമായ റീലാണ് സ്പീക്കർ പങ്കുവച്ചിരിക്കുന്നത്. ഒപ്പന വേഷത്തിൽ മണവാട്ടിയും തോഴിമാരും പാട്ടും കളിയും ചിരിയുമായി നഗരം ചുറ്റുന്നത് വീഡിയോയിൽ കാണാം.
കുറിപ്പിന്റെ പൂർണരൂപം:
ഹലോ ഫ്രണ്ട്‌സ്,
ആനവണ്ടി റൈഡ് വേണോ?
നിയമസഭ നിങ്ങൾക്കൊരു ഓഫർ നൽക്കുകയാണ്.
ജനുവരി 7 മുതൽ 13 വരെ, നിയമസഭയിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൽ സിറ്റി ടൂർ. അതും ഫ്രീ!
പുതിയ കാഴ്ചകൾ പുതിയ അനുഭവങ്ങൾ.
പുസ്തകോത്സവവും കൂടി ഉണ്ട്, മിസ്സ് ചെയ്യരുത്.
അതേസമയം, നാളെ മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകർഷിക്കാനായി നിയമസഭാ വളപ്പും സമുച്ചയവും ദീപാലംകൃതമാക്കിയിട്ടുണ്ട്.
വായനയാണ് ലഹരി എന്ന പ്രമേയത്തിലൊരുങ്ങുന്ന പുസ്തകോത്സവത്തിൽ അക്ഷരക്കൂട്ടുകൾ ചേർത്ത മുഖപ്പോടെയാണ് നിയമസഭാ സമുച്ചയത്തിനുള്ളിലെ ഫെസ്റ്റിവൽ ഓഫീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
നിയമസഭാ സമുച്ചയത്തിനുള്ളിലെ പ്രധാനവേദികളായ ശങ്കരനാരായണൻ തമ്പി ഹാളും അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾക്കിടയിലെ പവിലിയനും നിയമസഭക്കു മുന്നിലെ സ്റ്റുഡന്റ്‌സ് കോർണറും സജ്ജമായി.
പ്രസാധകരുടെ പരിപാടികൾക്കായുള്ള നിയമസഭയുടെ വലതും ഇടതും ഭാഗത്തായുള്ള 2 വേദികൾ, പുസ്തക ചർച്ചകൾക്കായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലെ ഹാൾ 5 ഇ, ബുക്ക് ഒപ്പിടലിന് നിയമസഭാ കവാടത്തിലുള്ള പ്രത്യേക വേദി ഉൾപ്പെടെ 7 വേദികളും പരിപാടികൾക്കായി തയ്യാറെടുപ്പുകൾ പൂർത്തിയായി. വാർത്താവിതരണത്തിന് മീഡിയാ സെന്ററും പ്രവർത്തിക്കുന്നുണ്ട്.
ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കുന്ന 250 സ്റ്റാളുകളുടെ നിർമാണം പൂർത്തിയായി. സ്റ്റാളുകളുടെ ഉദ്ഘാടനം നാളെ 9 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.
ഈ പതിപ്പിലെ പ്രത്യേക ആകർഷണമായ സ്റ്റുഡന്റ്‌സ് കോർണറിന്റെ ഉദ്ഘാടനവും സിറ്റി റൈഡിന്റെ ഫ്‌ളാഗ് ഓഫും 11.30 ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ്‌കോർട്ടും ഒരുങ്ങിക്കഴിഞ്ഞു.