കെഎസ്ആർടിസിയുടെ കുടിവെള്ളം ഉടൻ. ലഭ്യമാകുക മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് നൽകും

New Update
KSRTC-WATER

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും. കെഎസ്ആർടിസിയുടെ ലേബലിലുള്ള കുടിവെള്ളം വിപണിയിലെ എംആർപി (MRP) നിരക്കിനേക്കാൾ ഒരു രൂപ കുറച്ച് യാത്രക്കാർക്ക് ലഭിക്കും. 

Advertisment

ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് ലാഭം ലഭിക്കുന്നതിനൊപ്പം ജീവനക്കാർക്കും അധിക വരുമാനം ഉറപ്പാക്കുന്നുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി നൽകാനാണ് തീരുമാനം. 

ഡ്രൈവർമാർക്ക് പ്രൊമോഷൻ സാധ്യതകൾ കുറവായതിനാൽ അവരെക്കൂടി സാമ്പത്തികമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ വിഹിതം നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കും.

മാലിന്യമുക്തമായ യാത്ര ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണത്തിന് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഒരുക്കും. 

അടുത്തടുത്ത സ്റ്റേഷനുകളിൽ വെച്ച് തന്നെ ഈ മാലിന്യങ്ങൾ ക്ലിയർ ചെയ്യാനുള്ള ചുമതലയും ബന്ധപ്പെട്ടവർക്കായിരിക്കും. നിലവിൽ കെഎസ്ആർടിസി ബസുകൾ പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ ഇല്ലാതെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Advertisment