/sathyam/media/media_files/2025/08/22/untitledelv-2025-08-22-10-18-52.jpg)
കോട്ടയം: 37 വര്‍ഷത്തിന് ശേഷം സി.എം.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ നീല കൊടി പാറി. 15 സീറ്റില്‍ 14 സീറ്റും കെ.എസ്.യു നേടി. എസ്.എഫ്.ഐ ജയിച്ചതാകട്ടേ ഫസ്റ്റ് ഡിസി റെപ്രസന്റിറ്റീവ് മാത്രവും.
വര്‍ഷങ്ങളായി എസ്.എഫ്.ഐയുടെ കുത്തകയാണു സി.എം.എസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍. ഫലപ്രഖ്യാപനത്തിനെ തുടര്‍ന്ന് സ്ഥലത്തു വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് ആരംഭിച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു.
സ്ഥലത്തു വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടും ഇരുമ്പ് കമ്പി, മരത്തടി, പൈപ്പ് അടക്കമുള്ളവ ഉപയോഗിച്ചു മണിക്കൂറോളം ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ചിതറിയോടി. വൈകിട്ടു തുടങ്ങിയ സംഘര്‍ഷം രാത്രി വൈകിയും നീണ്ടു.
പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സ്ഥലത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം ക്യാമ്പസിനുള്ളില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറും നടത്തി.
എസ്.എഫ്.ഐയ്ക്കും കെ.എസ്.യുവിനും പിന്തുണയുമായി ക്യാമ്പസിനു പുറത്തുള്ള നേതാക്കളുമെത്തി. കെ.എസ്.യു കൊടി കെട്ടിയ ഇരുമ്പ് കമ്പി കൊണ്ടു വിദ്യാര്‍ഥികളുടെ തല അടിച്ചു പൊട്ടിച്ചു എന്ന പരാതിയുമുണ്ട്.
എസ്.എഫ്.ഐ വനിത പ്രവര്‍ത്തകരെ ഉപയോഗിച്ചു വാതില്‍ തള്ളി തുറന്ന അകത്തു കടക്കാന്‍ പലവട്ടം ശ്രമം നടത്തിയെങ്കിലും അധ്യാപകര്‍ തടഞ്ഞു. പല തവണയായി ക്യാമ്പസില്‍ ഏറ്റുമുട്ടില്‍ നടന്നു. ഇത്തവണ യൂണിയന്‍ ഭരണം നഷ്ടപ്പെടുമെന്ന എസ്.എഫ്.ഐയുടെ ഭീതിയാണു സംഘര്‍ഷത്തിനും അക്രമത്തിനും ഇടയാക്കിയതെന്നു കെ.എസ്.യു ആരോപിച്ചു.
ഇനി കെ.എസ്.യു ഒരുക്കലും ചുവക്കില്ലെന്നും കെ.എസ്.യു നേതാക്കള്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്നും മാനേജ്‌മെന്റിന്റെ ഒത്താശയോടെ പോലീസ് എസ്.എഫ്.ഐയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എസ്.എഫ്.ഐയും ആരോപിച്ചു.