Advertisment

കെഎസ് യുഎമ്മിന്റെ 'ഹഡില്‍ ഗ്ലോബല്‍ 2024' ത്രിദിന സമ്മേളനം ഇന്ന് സമാപിക്കും

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ഡോ.ശശി തരൂര്‍ എംപി, ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍ സമാപന ദിവസത്തെ മുഖ്യ പ്രഭാഷകരാണ്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
huddle 1

കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തില്‍ ഒരുക്കിയ നിര്‍ദിഷ്ട റോബോട്ടിക് പാര്‍ക്കിന്‍റെ മാതൃക വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക, ഇന്‍കര്‍ റോബോട്ടിക്‌സ് ഫൗണ്ടറും എംഡിയുമായ രാഹുല്‍ ബാലചന്ദ്രന്‍, ഇന്‍കര്‍ റോബോട്ടിക്‌സ് സിഇഒയും കോ ഫൗണ്ടറുമായ അമിത് രാമന്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: കേരളത്തിന്റെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ആറാം പതിപ്പ് ഇന്ന് കോവളത്ത് സമാപിക്കും.

Advertisment

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ഡോ.ശശി തരൂര്‍ എംപി, ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍ സമാപന ദിവസത്തെ മുഖ്യ പ്രഭാഷകരാണ്.

ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ ത്രിദിന സമ്മേളനത്തിന്റെ ഭാഗമാണ്. ഡീപ്‌ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങളാണ് സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണം.

എമര്‍ജിങ്‌ടെക് സോണ്‍, ഡീപ്‌ടെക് സോണ്‍ എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന ഹഡില്‍ എക്‌സ്‌പോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കുന്നു. 

വിജ്ഞാന സെഷനുകള്‍, ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, ഡീപ്‌ടെക് സ്റ്റുഡന്റ് ഇന്നൊവേഷന്‍സ് തുടങ്ങിയ പരിപാടികളാണ് ഡീപ്‌ടെക് സോണിന്റെ ഭാഗമായി നടക്കുന്നത്. ഊര്‍ജ്ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാരകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങളാണ് എമര്‍ജിങ് ടെക്‌നോളജി സോണില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ് ഫോമും ഹഡില്‍ ഗ്ലോബലില്‍ സജ്ജമാക്കിയിട്ടുണ്ട്.

Advertisment