ഹഡില്‍ ഗ്ലോബലിന് മുന്നോടിയായി കെഎസ്‌യുഎം മെന്‍റര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

New Update
ksum ujhk
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ 2025 ന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) മെന്‍റര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ മെന്‍റര്‍ഷിപ്പ് സമൂഹത്തെ ശക്തിപ്പെടുത്തുക, മെന്‍റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടയിലുള്ള നെറ്റ് വര്‍ക്കിംഗ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
Advertisment
 
കെഎസ്‌യുഎം സിഇഒ അനൂപ് അംബിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടാറ്റ സണ്‍സ് ലിമിറ്റഡ്, എഐ ഗ്രൂപ്പ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി ഭാസ്കര്‍ റോയ് മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിന്‍റെ ടാലന്‍റ് പൂളിനേയും നൂതന സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തേയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്തരം കോണ്‍ക്ലേവുകള്‍ സഹായകമാകുമെന്ന് അനൂപ് അംബിക  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെഎസ്‌യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നതിന് നിലവില്‍ 366 മെന്‍റര്‍മാരുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുന്നതിനായി മെന്‍റര്‍മാരുടെ എണ്ണം 2000 ത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
 
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സാങ്കേതിക, സാമ്പത്തിക, മാര്‍ക്കറ്റിംഗ് മെന്‍റര്‍ഷിപ്പ് നിര്‍ണായകമാണ്. സംരംഭകര്‍ക്ക് ഉത്പന്നവികസനത്തിനായി ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയെക്കുറിച്ച് ധാരണയുണ്ടാകണം. ഇവിടെയാണ് സാങ്കേതിക മെന്‍റര്‍ഷിപ്പ് ഉപയോഗപ്രദമാകുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ സംരംഭകര്‍ക്കും അവരുടെ ആശയങ്ങള്‍ ഉത്പന്നമായി മാറ്റുന്നതിന് ലഭ്യമായ ഗ്രാന്‍റുകളെക്കുറിച്ച് വ്യക്തതയില്ലാത്ത സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക മെന്‍റര്‍മാര്‍ക്ക് പ്രസക്തിയുണ്ടെന്നും അനൂപ് അംബിക  പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ഉത്പന്നത്തിനെക്കുറിച്ചുള്ള ആദ്യകാല പരിശോധന, കൃത്യമായ പരിധികള്‍ നിശ്ചയിച്ചിട്ടുള്ള മെന്‍റര്‍ഷിപ്പ്, കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ (കെപിഐ) അവലോകനം, സഹകരണ വളര്‍ച്ചാ സമീപനം എന്നിവയാണ് മെന്‍റര്‍ഷിപ്പ് മെച്ചപ്പെടുത്തുന്ന പ്രധാന ഘടകങ്ങളെന്ന് മുഖ്യ പ്രഭാഷണത്തില്‍ ഭാസ്കര്‍ റോയ് അഭിപ്രായപ്പെട്ടു. ഉത്പന്നവികസനത്തിനും അതിന്‍റെ വിപണി നിലനിര്‍ത്തുന്നതിനും ഉപഭോക്താവിന്‍റെ നേരിട്ടുള്ള അഭിപ്രായം തേടുന്നത് പ്രധാനമാണ്. മെന്‍റര്‍മാരും സംരംഭകരും പരസ്പരം വിലമതിക്കുക, മികച്ച മെന്‍റര്‍ഷിപ്പ് സെഷനുകള്‍ക്കുള്ള ഇടമുണ്ടാകുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേലുള്ള മെന്‍റര്‍ഷിപ്പ് സ്വാധീനം നിരന്തരം വിശകലനം ചെയ്യുക തുടങ്ങിയവയിലൂടെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തെ ശാക്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കാദമിക മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്ന പാലമായി മാറാന്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് സാധിക്കണമെന്ന് ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കിന്‍റെ സിഇഒ ഡോ. രാജശ്രീ എം.എസ്. അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന ഡീപ് ടെക് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ക്വാണ്ടം സെന്‍സിംഗ് സാങ്കേതികവിദ്യ പോലുള്ള പ്രത്യേക മേഖലകളില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുന്നതിന് അക്കാദമിക മേഖലയും വ്യവസായമേഖലയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്‌യുഎമ്മിന്‍റെ മെന്‍റര്‍ഷിപ്പ് സ്വാധീനത്തെക്കുറിച്ചും 'വി ഗ്രോ' പ്രോഗ്രാമിനെക്കുറിച്ചും കെഎസ്‌യുഎം മാനേജര്‍ സൂര്യ തങ്കം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ഗ്രോ പ്രോഗ്രാമിലൂടെ വനിതാ സംരംഭകര്‍ക്ക് വളരാന്‍ സാധിച്ചതായി അവര്‍ പറഞ്ഞു. മെന്‍റര്‍ഷിപ്പ് പ്രോഗ്രാമുകളുടെ ഭാഗമായി വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഉപഭോക്തൃ ആവശ്യകത 165% വര്‍ദ്ധിച്ചതിനൊപ്പം അവരുടെ ശരാശരി പ്രതിമാസ വരുമാനത്തില്‍ 51 ശതമാനം വര്‍ദ്ധനവുണ്ടായതായും അവര്‍ ചൂണ്ടിക്കാണിച്ചു.

മെന്‍റര്‍ഷിപ്പില്‍ മികച്ച സംഭാവന നല്കിയവര്‍ക്കുള്ള വിവിധ പുരസ്കാരങ്ങള്‍ കോണ്‍ക്ലേവിനോടനുബന്ധിച്ച് വിതരണം ചെയ്തു. എക്സ്പീരിയന്‍ ടെക്നോളജീസിന്‍റെ സഹസ്ഥാപകനും മലബാര്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്കിലെ നിക്ഷേപകനുമായ ബ്രജേഷ് കൈമള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് മെന്‍റര്‍ അവാര്‍ഡിന് അര്‍ഹനായി. മെന്‍റര്‍മാര്‍ക്കുള്ള വെര്‍ച്വല്‍ ബാഡ്ജുകള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു. വി പിച്ച് പ്രോഗ്രാമിന്‍റെ ഫൈനലിസ്റ്റുകളെ പരിപാടിയില്‍ പ്രഖ്യാപിച്ചു.
 
'ബ്രിഡ്ജിംഗ് ബ്രോഡ്റൂമുകളും സ്റ്റാര്‍ട്ടപ്പുകളും: സ്ഥാപകരില്‍ നിന്ന് രാജ്യങ്ങളിലേക്ക് വളരുന്ന മെന്‍റര്‍ഷിപ്പ്' എന്ന സെഷനില്‍ ബിഹൈവ് സ്റ്റാര്‍ട്ടപ്പ് ഇവാഞ്ചലിസ്റ്റ് വിജേത ശാസ്ത്രി, ആര്‍തര്‍ ഡി. ലിറ്റില്‍ മിഡില്‍ ഈസ്റ്റ് ആന്‍റ് ഇന്ത്യയുടെ മാനേജിംഗ് പാര്‍ട്ണര്‍ തോമസ് കുരുവിള എന്നിവര്‍ പങ്കെടുത്തു. 'വിവിധ മേഖലകളിലെ മികച്ച മെന്‍റര്‍ഷിപ്പ് ശക്തമായ സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ 
മുന്‍ എസ്ബിഐ ബാര്‍ക്ലേയ്സ് ഐബിഎം ജിഇ യും എഐ ആന്‍റ് ഡീപ്ടെക് ഉപദേഷ്ടാവുമായ സുദിന്‍ ബറോക്കര്‍, ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്‍റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാര്‍ത്ഥ് നാരായണന്‍, സെക്കന്‍ഡ് കരിയേഴ്സിലെ ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ ജൂബി ജോസ് എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഗ്രണ്‍ അഗ്രോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്ഥാപകന്‍ ഇജാസ് സലിം  മോഡറേറ്ററായി.

പരിപാടിയില്‍ കെഎസ്‌യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, കെഎസ്‌യുഎം അസിസ്റ്റന്‍റ് മാനേജര്‍ ആദിത്യ എസ്. വി. എന്നിവരും സംസാരിച്ചു.
Advertisment