കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് 'പിക്കി അസിസ്റ്റ്' വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി

New Update
Photo
തിരുവനന്തപുരം:വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്ക്കാന്‍ സഹായിക്കുന്ന വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'പിക്കി അസിസ്റ്റ്' പുറത്തിറക്കി.

പിക്കി അസിസ്റ്റിന്‍റെ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തെയോ അധിക ജീവനക്കാരെയോ ഒഴിവാക്കി ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്‍ക്കാന്‍ സാധിക്കുമെന്ന് പിക്കി അസിസ്റ്റ് സ്ഥാപകനും സിഇഒ യുമായ റെജി ശിവന്‍കുട്ടി പറഞ്ഞു. ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ബിസിനസുകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഉയര്‍ന്നകാര്യക്ഷമതയുള്ള ഒരു ഡിജിറ്റല്‍ വില്‍പന ചാനല്‍ ആഗോളതലത്തില്‍ തുറന്നു നല്‍കാന്‍ ഇത് സഹായകമാകും.

പ്രാദേശിക സംരംഭകര്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും ഇതിലൂടെ വലിയൊരു മാറ്റം സാധ്യമാകും. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ കമ്മീഷന്‍ ലാഭിക്കാനും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ദീര്‍ഘകാല ബ്രാന്‍ഡ് വിശ്വസ്തത വളര്‍ത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്പന്നങ്ങളുടെ ലിസ്റ്റിംഗ്, ഇന്‍വെന്‍ററി സ്റ്റോക്ക് മാനേജ്മെന്‍റ്, ഓര്‍ഡര്‍ സ്വീകരിക്കല്‍, പേയ്മെന്‍റ് ശേഖരിക്കല്‍, പേയ്മെന്‍റ് സംബന്ധമായ വിവരങ്ങളുടെ ക്രമീകരണം, അപ്സെല്ലിംഗ്, ക്രോസ് സെല്ലിംഗ് ഓഫറുകള്‍ അയക്കല്‍, ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം, വാട്സ്ആപ്പ് ബള്‍ക്ക് ബ്രോഡ്കാസ്റ്റിംഗ്, ലോജിസ്റ്റിക്സ്, ഡെലിവറി സേവനങ്ങളുമായുള്ള ഇന്‍റഗ്രേഷന്‍ തുടങ്ങിയവ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍  സോഫ്റ്റ്‌വെയറിലൂടെ സാധിക്കും. ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക, പാക്ക് ചെയ്ത് അയയ്ക്കുക എന്നിവ ഒഴികെ ബിസിനസിനെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഈ സംവിധാനം സ്വയം ചെയ്യും.

ചടങ്ങില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ബിഎന്‍ഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വികാസ് അഗര്‍വാള്‍, പിക്കി അസിസ്റ്റ് ഡയറക്ടര്‍ രേവതി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് വാട്സ്ആപ്പും എഐയും ഉപയോഗിച്ച് ബിസിനസ് എങ്ങനെ വികസിപ്പിച്ച് ഓട്ടോമേറ്റ് ചെയ്യാമെന്ന വിഷയത്തില്‍ ശില്പശാല നടന്നു. ശില്പശാലയില്‍ ബിസിനസ് (മെറ്റ) ചാനല്‍ പാര്‍ട്ണര്‍ മാനേജര്‍ സായ് ഗഡ്കരിയും പിക്കി അസിസ്റ്റ് സിടിഒ ടിനു ജോസും സംസാരിച്ചു. 300 ലധികം ബിസിനസുകാര്‍ നേരിട്ടും ആയിരത്തോളം പേര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിക്കി അസിസ്റ്റ് 81 ലധികം രാജ്യങ്ങളിലെ 1000ത്തിലധികം ബിസിനസുകള്‍ക്ക് വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സങ്കേതങ്ങളിലൂടെ ഉപഭോക്തൃ ഇടപെടല്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഈ കമ്പനി സഹായിക്കുന്നു.

വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ പുറത്തിറക്കുന്നതിന്‍റെ ഭാഗമായി റീട്ടെയില്‍, ഭക്ഷണം, ഫാഷന്‍, ഐഒടി, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വിവിധ മേഖലകളിലെ തിരുവനന്തപുരത്തെ ഏഴ് കമ്പനികള്‍ പിക്കി അസിസ്റ്റ് സംരംഭത്തിന്‍റെ ആദ്യ പങ്കാളികളായി.
Advertisment