/sathyam/media/media_files/2025/10/16/shope-2025-10-16-18-55-06.jpg)
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) യുണീക് ഐഡി ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ഷോപ്പ്‌ഡോക് ആഗോള ഫിനാൻഷ്യല്‍ പ്ലാറ്റ്ഫോമായ മാസ്റ്റർകാർഡുമായി പങ്കാളിത്തം ഉറപ്പാക്കി. കെഎസ് യുഎമിന്റെ ജിടെക്സ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രതിനിധി സംഘത്തിലൂടെ ദുബായിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച സ്ഥാപനമാണ് ഷോപ്പ്‌ഡോക്.
ആഗോള മെഡിക്കൽ ടൂറിസം മേഖലയുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് ഈ സഹകരണം. ഇതു വഴി വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിന് ഏറെ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.
മെഡിക്കൽ ടൂറിസം, ആരോഗ്യം, വെൽനസ് മേഖലകളിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പണമിടപാടുകള്‍ സാധ്യമാക്കാനാണ് മാസ്റ്റർകാർഡിന്റെ പേയ്‌മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഷോപ്പ്‌ഡോക് ലക്ഷ്യമിടുന്നത്. ഏകീകൃത പ്ലാറ്റ്‌ഫോം വഴി രോഗികൾക്ക് വിദേശത്തോ സ്വദേശത്തോ ആരോഗ്യ സേവനങ്ങൾ ആസൂത്രണം ചെയ്യാനും, പണമടക്കാനും സാധിക്കുന്നതു വഴി വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
50 മില്യൺ ഡോളർ ചെലവിലാണ് ഷോപ്പ്‌ഡോക് ഈ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നത്. ഈ പ്രീമിയം വെൽനസ് ഇക്കോസിസ്റ്റത്തിലൂടെ മെഡിക്കൽ, ആരോഗ്യം, വെൽനസ്, യാത്ര, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ ഇന്ത്യയിലേക്കുള്ള ഇടപാടുകളിൽ വഴി നൂറു കോടി ഡോളറിലധികം വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രോഗികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, വെൽനസ് സെന്ററുകൾ എന്നിവർക്ക് നല്‍കാന്‍ പോകുന്ന സേവനങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തു വിടും.
നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ലോകോത്തര കമ്പനികളുമായി സഹകരണം ഉറപ്പാക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോളതലത്തിലെ സഹകരണത്തിന് പാകത്തില്‍ നമ്മുടെ ആവാസവ്യവസ്ഥ വളര്‍ന്നു കഴിഞ്ഞു. ഇത്തരം വാണിജ്യബന്ധങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള രോഗികൾക്ക് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ പരിചരണം, സുരക്ഷിതവും സ്മാർട്ടുമായ സാമ്പത്തിക ഉപകരണങ്ങളിലൂടെ ഡിജിറ്റൽ-ഫസ്റ്റ് ഇക്കോസിസ്റ്റമാണ് നിര്‍മ്മിക്കുന്നതെന്ന് ഷോപ്പ്‌ഡോക് സ്ഥാപകനും സി.ഇ.ഒ.യുമായ ശിഹാബ് മക്കാനിയില്‍ പറഞ്ഞു. മാസ്റ്റർകാർഡുമായി സഹകരിക്കുന്നത് ആ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ്, ഇത് ലോകോത്തര ആരോഗ്യ സേവനങ്ങളുടെ ലഭ്യതയെ ജനാധിപത്യവൽക്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളും ബിസിനസ്സുകളും ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരമാര്‍ഗങ്ങള്‍ ഉൾപ്പെടുത്തുന്നത് അസമത്വം ഇല്ലാതാക്കുകയും, മികച്ച സേവനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് മാസ്റ്റർകാർഡ് കൊമേഴ്സ്യൽ വെർട്ടിക്കൽസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്കോട്ട് എബ്രഹാംസ് പറഞ്ഞു. മികച്ച ഡിജിറ്റല്‍ പേയ്മന്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ഇത്തരം പങ്കാളിത്തം കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ല്‍ ഓസ്ട്രേലിയയില്‍ തുടങ്ങിയ ഷോപ്ഡോക് 2019ല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 3000 ഡോക്ടര്‍മാരും 700 ലധികം ആശുപത്രികളും, ആറ് ലക്ഷത്തിലധികം രോഗികളും ഷോപ്പഡോകിന്റെ ശൃംഖലയിലുണ്ട്.