കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ എഐ മാവേലി വന്‍ ഹിറ്റ് : ആര്‍ക്കും മാവേലിയോട് ചാറ്റ് ചെയ്യാം

New Update
KSUM AI MAVELI
തിരുവനന്തപുരം: ആര്‍ക്കും ചാറ്റ് ചെയ്യാവുന്ന 'എഐ മാവേലി' യാണ് ഓണാഘോഷങ്ങളിലെ ടെക് താരം. ഓണത്തിന് കേരളത്തിലെത്തുന്ന എഐ മാവേലിയോട് ആര്‍ക്കും ചാറ്റ് ചെയ്യാനാകുമെന്നത് ഇതിനെ ജനപ്രിയമാക്കുന്നു.www.maveli.ai വഴി ആര്‍ക്കും മാവേലിയോട് ചാറ്റ് ചെയ്യാം.
Advertisment


കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ടെക്നോപാര്‍ക്കിലെ സെഞ്ച്യൂറിയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് എഐ മാവേലിയ്ക്ക് പിന്നില്‍. 'ഓണം വീണ്ടും വന്നെത്തി. ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ' എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും.

മംഗ്ലീഷിലും ഇംഗ്ലീഷിലും മാവേലിയോട് ചോദ്യങ്ങള്‍ ചോദിക്കാനാകും. ഇമോജിയും തമാശകളുമായി മാവേലിയുടെ ഉത്തരങ്ങളെത്തും. സെഞ്ച്യൂറിയോടെക് സിഇഒ അജിഷ ഭാസി, അര്‍ഷാദ്, ദിവ്യ, ഭാഗര്‍ഗവ്, റെനീഷ്, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ വികസിപ്പിച്ചത്. രണ്ടുമാസം കൊണ്ടാണ് എഐ മാവേലിയെ വികസിപ്പിച്ചെന്നതും ശ്രദ്ധേയം.

മാവേലിയോട് സംസാരിക്കുന്നതിനൊപ്പം മെന്‍റല്‍ ടിപ്സ് കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണിവര്‍. ഇതിനകം വലിയ ജനശ്രദ്ധ നേടിയ എഐ മാവേലി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.

ഇത്തവണത്തെ ഓണത്തിന് ഒരു എഐ മാവേലി ഒപ്പമുണ്ടാകുന്നത് നല്ലതാകുമെന്ന് ചിന്തിച്ചു. എഐ മാവേലിയെ പ്രവാസികള്‍ കൂടുതലായി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ് വന്നാലും മാവേലിയെ ഒഴിവാക്കില്ല. സാന്‍റയുടെ കൂടെ മാവേലിയെ എഐയിലെത്തിച്ച് കൂടുതല്‍ ജനകീയമാക്കുമെന്ന് അജിഷ ഭാസി പറഞ്ഞു.

Advertisment