കെഎസ്യുഎമ്മിന്‍റെ കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന് തുടക്കമായി

New Update
ksum start up

കൊച്ചി : ഇന്‍കുബേഷന്‍ സെന്‍ററുകള്‍ വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ സീഡിംഗ് ഫണ്ട് ലഭ്യമാക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ മേധാവി മമത വെങ്കിടേഷ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കളമശേരിയിലെ ഡിജിറ്റല്‍ ഹബ്ബില്‍ സംഘടിപ്പിച്ച കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം ഫണ്ട് ലഭ്യമാണ്. ഐടി വകുപ്പിന്‍റെ വിഹിതത്തിന് പുറമെയാണിത്. ഇതുപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാനമായ വകുപ്പുകളുടെ സഹായം നേടാവുന്നതാണ്.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തെ ഏറ്റവും ചടുലമായതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രജിസ്ട്രേഷന് നൂറുശതമാനം നേടിയ ഏക സംസ്ഥാനം കേരളമാണെന്ന് അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ഗവണ്‍മന്‍റ് ഇ മാര്‍ക്കറ്റ്(ജിഇഎം-ജെം), 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട്, ക്രെഡിറ്റ് ഗ്യാരന്‍റി സ്കീം, എന്നിവ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. രാജ്യത്തെ 48 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും സ്ഥാപകരോ സഹസ്ഥാപകരോ വനിതകളാണെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം എല്ലാ കൊല്ലവും കൂടി വരികയാണെങ്കിലും തൊഴില്‍പ്രാതിനിധ്യം വളരെ കുറവാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം മിനി സുകുമാരന്‍ പറഞ്ഞു. ഈ അന്തരം വെല്ലുവിളിയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും സത്വര നടപടികള്‍ എടുത്തു വരികയാണ്. ജെന്‍ഡര്‍ ബജറ്റ് കൂടുതല്‍ ഫലവത്താക്കാന്‍ ആസൂത്രണബോര്‍ഡ് വിവിധ നിര്‍ദ്ദേശങ്ങളും പദ്ധതികളും സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞജല്‍ ഫണ്ട് ലഭ്യമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നിലവില്‍ നാല് എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകള്‍ കേരളത്തിലുണ്ട്. കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വിജയം എയ്ഞ്ജല്‍ നിക്ഷേപകര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടൈ കേരള പ്രസിഡന്‍റ് വിവേക് കൃഷ്ണ ഗോവിന്ദ് സംസാരിച്ചു. ക്രിബ് ബയോനെസ്റ്റിന്‍റെ നവീകരിച്ച വെബ്സൈറ്റ് ചടങ്ങില്‍ വച്ച് മമത വെങ്കിടേഷ് പുറത്തിറക്കി. ബയോനെസ്റ്റ് സിഇഒ അമ്പാടി കെ സന്നിഹിതനായിരുന്നു.

ചലച്ചിത്രമേഖല, സംഗീതം, ടെക്നോളജി, ഫിന്‍ടെക്, സാമൂഹ്യ സംരംഭങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള നൂറിലധികം പ്രമുഖര്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ സംസാരിക്കും.

ഐടി സ്പെഷ്യല്‍ സെക്രട്ടറി എസ് സാംബശിവ റാവു, ഇന്‍ഫോസിസ് സഹസ്ഥാപകനും സിഐഐ-സിഐഇഎസ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, നടനും നിര്‍മ്മാതാവുമായ നിവിന്‍ പോളി, നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍, നടി നിഖില വിമല്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, ഈസ് മൈ ട്രിപ് സിഇഒ റികാന്ത് പിറ്റീ, ബ്രാഹ്മിന്‍സ് ഫുഡ് ഇന്ത്യ എം ഡി ശ്രീകാന്ത് വിഷ്ണു, മാട്രിമണി ഡോട്കോം സ്ഥാപകന്‍ മുരുഗവേല്‍ ജാനകീരാമന്‍, വികെസി കോര്‍പറേറ്റ്ഹൗസ് എം ഡി വികെസി റസാഖ് തുടങ്ങി നിരവധി പേര്‍ പരിപാടിയിലെ വിവിധ സെഷനുകളില്‍ സംസാരിക്കുന്നുണ്ട്.

Advertisment