മലയാളം സർവകലാശാല ഭൂമി ഏറ്റെടുപ്പ്: അന്വേഷണം നേരിടാൻ തയ്യാറെന്ന് കെ.ടി. ജലീൽ, ഭൂമി ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ പുറത്ത്

New Update
kt jaleel real

തിരൂർ: മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ.

Advertisment

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നടന്ന ഭൂമി ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ അദ്ദേഹം പുറത്തുവിട്ടു. ഈ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടത്താൻ മുസ്‌ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു.

2016 ഫെബ്രുവരി 17-ന് മലപ്പുറം കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.പി.സി (ജില്ലാതല വില നിർണയ സമിതി) യോഗത്തിന്റെ മിനിറ്റ്‌സും, ഭൂമിക്ക് സെന്റിന് 1,70,000 രൂപ വില നിശ്ചയിച്ചുള്ള കളക്ടറുടെ വില നിർണയ സാക്ഷ്യപത്രവുമാണ് ജലീൽ പുറത്തുവിട്ടത്.

"കോഴിക്കോട് വലിയങ്ങാടിയിൽ മൈക്ക് കെട്ടി പ്രസംഗിക്കേണ്ട കാര്യമല്ല ഇത്," ജലീൽ പറഞ്ഞു. വിഷയത്തിൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമോ, അടിയന്തിര പ്രമേയമോ അവതരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന് അദ്ദേഹം വെല്ലുവിളി നൽകി.

ഇതിനായി ലീഗ് നിയമസഭാ പാർട്ടി നേതാവിനോടോ, യൂത്ത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഷംസുദ്ദീനോടോ, മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.വി. ഇബ്രാഹീമിനോടോ ആവശ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയം സഭയിൽ കൊണ്ടുവരാൻ തിരൂർ എം.എൽ.എ കുറുക്കോളി, അല്ലെങ്കിൽ മണ്ണാർക്കാട് എം.എൽ.എ എം.എം. ഷംസുദ്ദീൻ എന്നിവരെ ചുമതലപ്പെടുത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Advertisment