/sathyam/media/media_files/2025/09/11/4ee077eb-e993-452b-a8a0-bc909750da1f-2025-09-11-16-00-47.jpg)
തിരുവനന്തപുരം: മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട ഒരു ഉപപദ്ധതിയാണ് ഇൻക്യുബേറ്റർ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലവിൽ ഇൻക്യുബേറ്റർ പദ്ധതി നടപ്പാക്കുന്നത്. വിപണിയിൽ വിജയിക്കാൻ പ്രയാസം നേരിടുന്ന ഉൽപാദന സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർ പദ്ധതി വഴി ആവശ്യമായ പിന്തുണകൾ ലഭ്യമാക്കും.
ഇങ്ങനെ ഒാരോ കാലഘട്ടത്തിലും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് സ്വയം ആധുനികവൽക്കരിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുന്ന സമീപനമാണ് കുടുംബശ്രീയുടേത്. സ്ത്രീകൾക്ക് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണം നേടിക്കൊടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപതിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തും.
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ വളർച്ചയ്ക്ക് ഇത് ഏറെ സഹായകമാകും. വേതനാധിഷ്ഠിത തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. നിലവിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒാണത്തിനു മുമ്പ് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കുടുംബശ്രീ കൈവരിച്ചു. സംസ്ഥാനത്ത് അതിദാരിദ്ര്യനിർമാർജന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലും കുടുംബശ്രീ നിർണായക പങ്കു വഹിക്കുന്നു.
പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 95 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ വലിയ പങ്കാണ് കുടുംബശ്രീ വഹിച്ചത്. വരുന്ന നവംബർ ഒന്നിന് മുമ്പായി ബാക്കി കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി കുടുംബശ്രീ റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാല സംരംഭകത്വ വികസനത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീകൾക്ക് സുസ്ഥിര വരുമാനലഭ്യതയ്ക്ക് അവസരമൊരുക്കുമെന്നും പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിര ഉപജീവന മാർഗമൊരുക്കുന്നതിന്റെ ഭാഗമായി ഉൽപാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണകൾ ലഭ്യമാക്കി ശക്തവും വിപുലവുമായ സംരംഭക ശൃംഖല സൃഷ്ടിക്കാനാവുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ് ഒാൺലൈനായി പങ്കെടുത്തു കൊണ്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.