കുമരകം ബോട്ട് ദുരന്തത്തിൽ നിന്ന് പാഠം പഠിക്കാതെ ജലഗതാഗത വകുപ്പ്. സർവീസ് നടത്തുന്നത് കാലപ്പഴക്കം ചെന്ന ബോട്ടുകൾ. ബോട്ടുകൾ സ്ഥിരമായി തകരാറിലാവുന്നതോടെ യാത്രക്കാർ ദുരിതത്തിൽ. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
43689a90-25a5-494c-824a-0e4b3c28f01d

കോട്ടയം: 29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട് ദുരന്തമുണ്ടായി 22 വര്‍ഷം തികയുമ്പോഴും അന്നത്തെ സ്ഥിതിയിൽ നിന്ന് വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ല. യാത്രക്കാരുടെ സുരക്ഷയിൽ    അധികൃതര്‍ അലംഭാവം തുടരുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഇന്നു നടത്തുന്ന ബോട്ട് സര്‍വീസുകള്‍. കുമരകം ബോട്ട് ദുരന്തം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ ഇന്നും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. പുതിയ ബോട്ടുകൾ സർവീസിനിറക്കുക, കായലിലെ മൺതിട്ടകൾ നീക്കം ചെയ്യുക,  തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളൊന്നും അധികൃതർ കണ്ട മട്ടില്ല.

Advertisment

നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള തടി ബോട്ടുകള്‍ ദീര്‍ഘ ദൂര സര്‍വീസിന് ഇറക്കിയാണ് ജലഗതാഗത വകുപ്പ് യാത്രക്കാരുടെ ജീവന്‍ പന്താടുന്നത്.  ഇവയില്‍ പലതും വെള്ളക്കേട് (ഓടുമ്പോള്‍ വെള്ളം കയറുന്ന) ഉള്ളതുമാണ്.  1968ല്‍ നിര്‍മിച്ച 143 ബോട്ട് മുതല്‍ 2004 ല്‍ നിര്‍മിച്ച എ25 വരെ വിവിധ  സീരീസുകളിലായി ഇരുപതോളം  തടി ബോട്ടുകളാണ് സംസ്ഥാന ജല ഗതാഗത വകുപ്പിന് ആലപ്പുഴയില്‍ ഉള്ളത്.

ഇതില്‍ 1982 ല്‍ നിര്‍മിച്ച വെള്ളക്കേട് ഉള്ള എ37,എ39 എന്നി ബോട്ടുകളാണ് യാത്രാ തിരക്കും ദൂരവുമുള്ള കോട്ടയം - ആലപ്പുഴ, ആലപ്പുഴ - കാവാലം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. മൂന്നു മണിക്കൂറിലേറെ യാത്രാ ദൈര്‍ഘ്യമുള്ള ആലപ്പുഴ  - കോട്ടയം റുട്ടില്‍, ഏറെ ദൂരവും ബോട്ട് വേമ്പനാട്ടു കായലില്‍ കൂടിയാണു സഞ്ചരിക്കുന്നത്. മിക്ക ട്രിപ്പുകളിലും നിറയെ യാത്രക്കാരുമായായിരിക്കും. ഈ ബോട്ടുകളുടെ സര്‍വീസും.
എല്ലാ ജലയാനങ്ങളും 3 വര്‍ഷം കൂടുമ്പോള്‍ ഡ്രൈ ഡോക്ക് (അറ്റകുറ്റപ്പണി) ചെയ്തു അറ്റകുറ്റപ്പണികള്‍ നടത്തി തുറമുഖ വകുപ്പില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നേടണം എന്നാണ് നിയമം. എന്നാല്‍ ജല ഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ മാത്രം ഇതൊന്നും പാലിക്കുന്നതേയില്ലെന്നാണ് ആക്ഷേപം.

കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പല  ബോട്ടുകള്‍ക്കും സര്‍വേ സര്‍ട്ടിഫിക്കറ്റുമില്ല. ഇടക്ക് സ്‌റ്റോപ്പ് ഇല്ലാത്ത 9 കിലോമീറ്റര്‍ വരുന്ന കുമരകം -മുഹമ്മ റൂട്ടിലും അറ്റകുറ്റ പണി കൃത്യമായി നടത്താത്ത ബോട്ടുകള്‍ ആണ് പലപ്പോഴും സര്‍വീസ് നടത്തുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന കോട്ടയം - ആലപ്പുഴ റൂട്ടില്‍ ആണ് അപകടത്തില്‍ പെടാവുന്ന 40 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ബോട്ട് സര്‍വീസ് നടത്തുന്നത്. പല കാരണങ്ങളാല്‍ സര്‍വീസ് മുടങ്ങുന്നതില്‍ പേരുകേട്ട സര്‍വീസാണ് കാലപ്പഴക്കത്താലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. 

മുഹമ്മ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാകട്ടെ എസ് 55, എസ് 52 ബോട്ടുകളാണ്. ഇതിൽ എസ് 55 ന് തകരാർ ഒഴിഞ്ഞിട്ട് നേരമില്ല.  പുലർച്ചെ 5.45 ന് മുഹമ്മയിൽ നിന്ന് കുമരകത്തേയ്ക്കുള്ള ആദ്യ ട്രിപ്പ് മുതൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നത് ഈ സർവീസിനെയാണ്. തണ്ണീർമുക്കം ബണ്ട് വഴി സഞ്ചരിയ്ക്കുന്നതിനേക്കാൾ സമയക്കുറവും ചെലവ് നഷ്ടവും ഒഴിവാക്കാൻ സാധിക്കും. ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതും നേട്ടമാണ്.  പക്ഷേ തുടർച്ചയായി തകരാറിലാവുന്ന ബോട്ടുകൾ ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായി തുടരുകയാണ്.

Advertisment