/sathyam/media/post_attachments/zjEnGEmKpE2pAUG8zl5N.jpg)
കോട്ടയം: നാട്ടുകാരില്‍ ആകാംക്ഷയും അറിവും നിറച്ച് കുമരകം കവണാറ്റിന്‍കരയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മോക്ഡ്രില്‍.
വെള്ളപ്പൊക്ക-പ്രളയ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും വെള്ളത്തില്‍ വീണുപോകുന്നവരെയും രക്ഷപ്പെടുത്താനും ഉചിതമായ ചികിത്സ ലഭ്യമാക്കാനും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും വകുപ്പുകളും ദേശീയ ദുരന്തനിവാരണ സേനയും (എന്‍.ഡി.ആര്‍.എഫ്) നടത്തുന്ന ദ്രുതനടപടികളാണ് മോക്ഡ്രില്ലിലൂടെ നാട്ടുകാരെ പരിചയപ്പെടുത്തിയത്.
ദുരന്തസമാന സാഹചര്യത്തിന്റെ മാതൃക സൃഷ്ടിച്ചാണ് മോക്ഡ്രില്‍ അരങ്ങേറിയത്.
വെള്ളപ്പൊക്കത്തില്‍ കുമരകം കവണാറ്റിന്‍കര പാലത്തിനു സമീപം അയ്മനം പഞ്ചായത്തിലെ 30 പേര്‍ ഒറ്റപ്പെട്ടു പോയെന്ന വിവരം രാവിലെ 10ന് കോട്ടയം തഹസില്‍ദാരായ എസ്.എന്‍. അനില്‍കുമാറിന് ലഭിക്കുന്നതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്.
മോക്ഡ്രില്‍
വിവരം തഹസില്‍ദാര്‍ കളക്ട്രേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെ(ഡി.ഇ.ഒ.സി) അറിയിക്കുന്നു. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനത്തിന് നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ്, അഗ്‌നിരക്ഷാസേന അടക്കമുള്ള വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.
പൊലീസും അഗ്‌നിരക്ഷാസേനയും മോട്ടോര്‍വാഹനം, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളും ജനപ്രതിനിധികളുമടക്കം സംഭവസ്ഥലത്തെത്തുന്നു.
പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായതിനാല്‍ കൂടുതല്‍ സേനയുടെ സേവനം ആവശ്യമാണെന്ന വിവരം രാവിലെ 10.35ന് ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്നു.
തുടര്‍ന്ന് സര്‍വസജ്ജമായി ദേശീയ ദുരന്തനിവാരണ സേനയുടെ 26 അംഗസംഘം കവണാറ്റിന്‍കരയിലെത്തുന്നു.
റബര്‍ ഡിങ്കി ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി ദേശീയ ദുരന്തനിവാരണ സേന വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച് കരയിലെത്തിക്കുന്നു.
വെള്ളത്തില്‍ മുങ്ങിത്താഴുന്നയാളെ എങ്ങനെ രക്ഷിക്കണം
ഇവരില്‍ ശാരീരിക അസ്വാസ്ഥ്യം നേരിട്ടവരെ ആംബുലന്‍സില്‍ കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിക്കുന്നു, ചികിത്സ നല്‍കുന്നു.
മറ്റുള്ളവരെ സുരക്ഷിതമായി കവണാറ്റിന്‍കര എ.ബി.എം. ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുന്നു.
11.47ന് 14 പുരുഷന്‍മാരും ഒന്‍പത് സത്രീകളും അഞ്ചു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കമുള്ള ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ ഡി.ഇ.ഒ.സി.യെ അറിയിച്ചതോടെ മോക്ഡ്രില്‍ അവസാനിച്ചു.
തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിത്താഴുന്നയാളെ എങ്ങനെ രക്ഷിക്കണമെന്ന അറിവ് പകര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ മോക്ഡ്രില്ലും നടന്നു.
നാട്ടുകാരും ഹൗസ്ബോട്ട് തൊഴിലാളികളും വിദേശികളുമടക്കം നിരവധി പേര്‍ മോക്ഡ്രില്‍ കാണാനെത്തി.
പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിവിധ വിഭാഗം ജനങ്ങള്‍ക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍.ഡി.ആര്‍.എഫ്.) ചെന്നൈ ആരക്കോണത്തെ നാലാം ബെറ്റാലിയനിലെ 26 സേനാംഗങ്ങളാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.
അസിസ്റ്റന്റ് കമാന്‍ഡന്റ് ഡോ. ബി.എസ്. ഗോവിന്ദ്, ഇന്‍സ്‌പെക്ടര്‍ കപില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പുകളും ആപ്തമിത്ര സേനയും മോക്ഡ്രില്ലിന്റെ ഭാഗമായി.
ഹൗസ് ബോട്ട്, മറ്റിതര ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പരിശീലന-ബോധവത്കരണ പരിപാടിയും കവണാറ്റിന്‍കര ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സംഘടിപ്പിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ കുമരകം കവണാറ്റിന്‍കരയില്‍ നടന്ന മോക്ഡ്രില്ലില്‍നിന്ന്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us