തൃശൂർ: കുന്നംകുളത്ത് ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം.
മുൻ കുന്നംകുളം നഗരസഭകൗൺസിലർ ഇന്ദിരയുടെ ഭർത്താവ് കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) കഴിഞ്ഞ ദിവസം രാവിലെ തെരുവ് നായ ആക്രമിച്ചത്. തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവനായ പാഞ്ഞെത്തി കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.