/sathyam/media/media_files/2025/04/11/KOiPmSwYrAGE88CuCPEp.jpg)
കൊച്ചി: കുവൈറ്റിലെ ഗള്‍ഫ് ബാങ്കില്‍ നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മുങ്ങിയ മലയാളികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് തടയാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത് ക്രിമിനല്‍ കേസ് വഴി കുടിശിക പിരിച്ചെടുക്കാനുള്ള ബാങ്കിന്റെ നീക്കത്തില്‍ നിര്‍ണ്ണായക സംഭവമായി.
യാതൊരു യോഗ്യതയുമില്ലാത്ത ജാമ്യാപേക്ഷകളെന്ന നിരീക്ഷണവുമായാണ് ആദ്യം പ്രതികളാക്കപ്പെട്ട രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്‍ തള്ളിയത്.
കോട്ടയം കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍, മൂവാറ്റുപുഴ കുന്നയ്ക്കാല്‍ സ്വദേശി രഘുല്‍ രതീശന്‍ തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.
2021 ഡിസംബറില്‍ 33,777 കുവൈറ്റ് ദിനാര്‍ വായ്പ എടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ നാട്ടിലേക്കു പോന്ന കീര്‍ത്തിമോന്‍ ഇപ്പോള്‍ ബാങ്കിന് നല്‍കേണ്ട തുക ഒരു കോടി പതിനൊന്നു ലക്ഷത്തോളം ഇന്ത്യന്‍ രൂപയ്ക്ക് തുല്യം വരുമെന്ന് ബാങ്ക് കണക്കാക്കുന്നു.
2016 ജനുവരിയില്‍ 35,555 കുവൈറ്റ് ദിനാര്‍ വായ്പ എടുത്തയാളാണ് രഘുല്‍. തവണയടയ്ക്കാതെ പിന്നീട് നാട്ടിലേക്കു മുങ്ങി കബളിപ്പിച്ചുവെന്ന് ഗള്‍ഫ് ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ വാസി കമ്രാന്‍ തിരുവനന്തപുരത്ത് പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ കേരള സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജിക്കാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് വാദിച്ചു.
പ്രതികളുടെ നടപടി മൂലം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനാകെ വിദേശ രാജ്യങ്ങളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ വന്നുപെടുന്ന സാഹചര്യമാണുള്ളതെന്ന് ഗള്‍ഫ് ബാങ്കിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹര്‍ജിക്കാരെപ്പോലെ നൂറു കണക്കിനു പേര്‍ ബാങ്ക് വായ്പ്പയെടുത്തു തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മടങ്ങി സ്വതന്ത്ര വിഹാരം നടത്തുന്നതു മനസിലാക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ക്കു വായ്പ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നു.
കുടിയേറ്റം ഏറിയതോടെ ഓരോ രാജ്യത്തെയും നിയമ സംവിധാനങ്ങളെ അന്താരാഷ്ട്രതലത്തില്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ അനിവാരൃത വര്‍ദ്ധിച്ചെന്ന വാദത്തോട് കോടതി യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഒരു രാജ്യത്ത് സാമ്പത്തികമോ മറ്റു തരത്തിലോ ഉള്ള ആസൂത്രിത കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ശേഷം ആ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി മറ്റു രാജ്യങ്ങളിലേക്ക് തട്ടകം മാറ്റി വിഹരിക്കുന്നവരെ വേട്ടയാടാന്‍ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉപയോഗം പലപ്പോഴും ഫലത്തില്‍ കാര്യക്ഷമമാകാറില്ല.
വിജയ് മല്യ, നിരവ് മോഡി തുടങ്ങി തഹാവുര്‍ റാണയിലെത്തി നില്‍ക്കുന്നു ഇന്ത്യയെ ഇത്തരത്തില്‍ വിഷമവൃത്തത്തിലാക്കിയവരുടെ പട്ടിക.
ഈ സാഹചര്യം നിലനില്‍ക്കവേയാണ് ഗള്‍ഫ് ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികള്‍ക്ക് കുറ്റകൃത്യം നടത്തിയ രാജ്യത്തെ നിയമപ്രകാരമുള്ള നടപടികളില്‍നിന്ന് തെന്നി മാറി ഒളിച്ചു നില്‍ക്കാന്‍ ഇവിടുത്തെ നിയമ സംവിധാനങ്ങളില്‍ പഴുതു നിലനിലവിലുണ്ടെന്നു വരുന്നപക്ഷം അത് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന വാദവും കോടതി അംഗീകരിച്ചു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയിലെ പോലീസും കോടതിയും ആഭ്യന്തര നിയമങ്ങളെ സങ്കുചിതമാക്കി അന്താരാഷ്ട്രതലത്തില്‍ സ്വയം ശോഭ മങ്ങാന്‍ അനുവദിക്കരുതെന്ന മനസ്ഥിതിയാണ് ദേശീയ ഭരണനേതൃത്വത്തിനുള്ളതെന്നത് അഭിന്ദനീയമാണ്.
കുവൈറ്റില്‍ നിന്നു ബാങ്ക് വായ്പ്പയെടുത്ത് കേരളത്തിലേക്കു മുങ്ങി അന്വേഷണം നേരിടുന്നവരുടെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിച്ചുവരുന്നുണ്ട്.
ലോകമെങ്ങുമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മൊത്തം അന്തസ്സും സുസ്ഥിതിയും വിശ്വാസ്യതയും ഉയര്‍ത്താന്‍ സഹായകമാകുന്ന വിവേകപൂര്‍ണ്ണമായ നിലപാടാണു സര്‍ക്കാരിന്റേതെന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.
'ഹര്‍ജിക്കാര്‍ വിദേശ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വലിയ കുടിശ്ശികയുണ്ടെന്നും ഹര്‍ജിക്കാര്‍ സമ്മതിക്കുന്നു. അവര്‍ വിദേശ രാജ്യം വിട്ട് ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നതിലും തര്‍ക്കമില്ല.
ഇക്കാരണത്താല്‍, ഈ കേസുകളില്‍ വഞ്ചനയുടെ ഘടകങ്ങളുണ്ട് ': സിവില്‍ സ്വഭാവത്തിലൊതുങ്ങാത്ത ക്രിമിനല്‍ കേസിനു കാരണമായ കുറ്റാരോപണം ഹര്‍ജിക്കാരുടെ പേരില്‍ നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടുന്നു ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ വിധിന്യായം.
കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍, ജാമ്യത്തില്‍ വിടുക സാധ്യമല്ല.
ഹര്‍ജിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ കീഴടങ്ങുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. അതിനാല്‍, ഈ ജാമ്യാപേക്ഷകള്‍ തള്ളിക്കളയുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു.
കീര്‍ത്തിമോന്‍ സദാനന്ദനും രഘുല്‍ രതീശനും ഹൈക്കാടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനു പിന്നാലെ മറ്റു പ്രതികള്‍ നേരത്തെ കീഴ്‌ക്കോടതികളില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷകളും അപ്രസക്തമായി.
പുത്തന്‍കുരിശ് പോലീസ് എടുത്ത കേസില്‍ പ്രതിയായ ഡെല്‍ന തങ്കച്ചന്‍ നവംബറില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ 14 തവണ മാറ്റിവച്ച് വാദം കേട്ട ശേഷം എറണാകുളം ഡിസ്ട്രിക്റ്റ് ആന്‍ഡ് സെന്‍സ് ജഡ്ജി തള്ളി.
കോടനാട്ടു നിന്നുള്ള റീത്ത ഷിബു, വരാപ്പുഴയില്‍ നിന്നുള്ള സിന്ധ്യ അലക്‌സ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും നിരസിച്ചു. ഡിസംബര്‍ മുതല്‍ 11 തവണ മാറ്റിവച്ച ഹര്‍ജികളായിരുന്നു ഇവ.
കുവൈറ്റിലെ ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്ത് 700 കോടി രൂപ തട്ടിയ 1425 മലയാളികള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച പരാതി പ്രകാരം വിവിധ ജില്ലകളിലായി പോലീസ് ഫയല്‍ ചെയ്തുകഴിഞ്ഞ നിരവധി എഫ് ഐ ആറുകളില്‍ പ്രതികളുടെ അറസ്റ്റിനു വഴി തെളിക്കുന്ന സംഭവമായി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിന്യായം.