കേന്ദ്രത്തിന്‍റെ ലേബർ കോഡ് പരിഷ്കരണം സൂക്ഷ്മമായി വിലയിരുത്തുമെന്ന് സംസ്ഥാന സർക്കാർ. കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് വി ശിവൻകുട്ടി. ട്രേഡ് യൂണിയൻ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെയും അനുവദിക്കില്ലെന്ന് മന്ത്രി

New Update
v sivankutty

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.

Advertisment

പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. 

നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം. 


മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം, സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. 

നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തും. കേരളത്തിലെ ഓരോ തൊഴിലാളിക്കും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Advertisment