കൊച്ചി: ലക്ഷദ്വീപിൽ സ്കൂൾ സിലബസിൽനിന്ന് മഹൽ, അറബി ഭാഷകളെ ഒഴിവാക്കിയ ഉത്തരവ് താൽക്കാലികമായി തടഞ്ഞ് ഹൈകോടതി.
അതേസമയം, ലക്ഷദ്വീപിൽ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒമ്പതിന് ഭാഷ വിഷയങ്ങളുടെ സിലബസ് പരിഷ്കരണം നടപ്പാക്കില്ലെന്ന കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇതുസംബന്ധിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മേയ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
അറബിയും മഹൽ ഭാഷയും സിലബസിൽനിന്ന് ഒഴിവാക്കി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കിയായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
70 വർഷത്തോളമായി നിലനിൽക്കുന്ന സംവിധാനത്തെയാണ് സിലബസ് മാറ്റം സംബന്ധിച്ച ഉത്തരവിലൂടെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.