/sathyam/media/media_files/2025/09/20/photo-2-2025-09-20-22-14-34.jpeg)
കൊച്ചി: പരമ്പരാഗത മത്സ്യബന്ധനരീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആഗോള ഇക്കോലേബലിംഗ് ടാഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം.
കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോൽപന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിംഗ് മുദ്രകൾ. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ടാഗുള്ള സീഫുഡ് ഉൽപന്നങ്ങൾക്ക് സ്വീകാര്യതയും ഉയർന്ന വിലയും ലഭിക്കും.
ദ്വീപിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും ഈ നടപടി കാരണമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കടൽപായൽ കൃഷിക്കും അലങ്കാരമത്സ്യ കൃഷിക്കും ലക്ഷദ്വീപിൽ മികച്ച സാധ്യതയാണുള്ളത്. ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.
നീതി ആയോഗ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, വിവിധ ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, നബാർഡ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ഫിഷറി സർവേ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.
ലക്ഷദ്വീപിലെ നാലായിരം ചതുരശ്രമീറ്റർ ലഗൂൺ കടൽപായൽ കൃഷിക്ക് വളരെയേറെ അനുയോജ്യമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു. ആഗോളതലത്തിൽ തന്നെ കടൽപായൽ ഹബ് ആയി മാറാൻ ലക്ഷദ്വീപിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക്, എൻഎഫ്ഡിബി എക്സിക്കുട്ടീവ് ഡയറക്ടർ ഡോ ബി കെ ബെഹറ, എഫ് എസ് ഐ ഡയറക്ടർ ജനറൽ ഡോ കെ ആർ ശ്രീനാഥ് സംസാരിച്ചു.
നേരത്തെ, കൊച്ചി ഫിഷറീസ് ഹാർബർ സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് സെക്രട്ടറി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഹാർബർ നവീകരണം, കോൾഡ് ചെയിൻ, പാക്കേജിംഗ്, മൂല്യവർധിത ഉൽപാദനം തുടങ്ങിയ വികസന നടപടികൾ മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.