New Update
/sathyam/media/media_files/dYsZbTsZURgvAMckpWZS.jpg)
വയനാട്: സംസ്ഥാനത്തെ ഞെട്ടിച്ച് പുലര്‍ച്ചെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവില്‍ പതിനൊന്നു പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ മൂന്നു പേര്‍ കുട്ടികളാണെന്നാണ് വിവരം. മലവെള്ളപ്പാച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.
മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. പുഴയില്‍ നിന്നും മൂന്നുവയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സുലൂരില്‍ നിന്നും ഹെലികോപ്റ്ററുകളെത്തും.