New Update
/sathyam/media/media_files/uCvnwaT0DrrXHXZD0rbw.jpg)
വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
അതേസമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്ത. ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അട്ടമലയില്‍ ആറ് മൃതദേഹം കണ്ടെത്തി. ചാലിയാര്‍ വഴി ഒഴുകി വന്ന ഏഴ് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വെള്ളാര്‍ മലയില്‍ നിന്ന് കണ്ടെത്തിയത് കൈക്കുഞ്ഞിന്റേത് ഉള്‍പ്പെടെ 13 മൃതദേഹങ്ങളാണ്.
കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി.
ഇന്ന് നടക്കാനിരുന്ന സെമിനാര്‍, മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദര്‍ശനങ്ങള്‍ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കള്‍ക്ക് കൈമാറും.