/sathyam/media/media_files/Vlpzzizc9k3UpgjA6NFQ.jpg)
വയനാട്: ചൂരല്‍ മലയില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാല്‍നടയാത്രയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
വയനാട് ദുരന്തത്തില്‍ മരണസംഖ്യ 43 ആയിരുന്നു. മുണ്ടകൈ ഗ്രാമം പൂര്‍ണമായും ഒലിച്ച് പോയെന്ന് പ്രദേശവാസി അബ്ദുള്‍ റസാഖ് പറഞ്ഞു. മരുഭൂമി പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. നിരവധി പേര്‍ക്ക് പരിക്കുപറ്റി.
ബന്ധുക്കളും സുഹൃത്തുകളും അടക്കം നിരവധി പേരെ കാണാനില്ലെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. തകര്‍ന്ന വീട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥി കുടുങ്ങി കിടക്കുന്നുവെന്നും റസാഖ് പറഞ്ഞു.
ബത്തേരി സെന്റ് മേരീസ്, എസ്‌കെഎംജെ സ്‌കൂള്‍ കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇരു ക്യാമ്പുകളിലേക്കും മെഡിക്കല്‍ ടീം, ആംബുലന്‍സ്, ഭക്ഷണം, വസ്ത്രം എന്നിവ ക്യാമ്പുകളിലേക്ക് എത്തിക്കുന്നു. മുണ്ടകൈയില്‍ റിസോര്‍ട്ടിലും കുന്നിന്റെ മുകളിലുമായി 250ലേറെ ആളുകള്‍ ഒറ്റപ്പെട്ടു. 150ലെറെ ആളുകള്‍ ഉള്ളത് കുന്നിന്റെ മുകളിലാണ്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.
സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.