/sathyam/media/media_files/ulaPQfL6bsfo6Niwldjb.jpg)
വയനാട്: വയനാട് ഉരുള്‍ പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എം പി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടമലയിലിലേക്ക് 40 അംഗം സംഘം രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ടു. അട്ടമലയില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
തമിഴ്നാട് ഫയര്‍ഫോഴ്സ് ടീം കല്‍പ്പറ്റയിലെത്തി. ഫയര്‍ഫോഴ്സ് സംഘം ചൂരല്‍മലയിലേക്ക് എത്തും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ആകെ തുറന്നത് 71 ദുരിതാശ്വാസ ക്യാമ്പുകളാണ്. ഇവിടങ്ങളിലായി 5748 പേര്‍ കഴിയുന്നുണ്ട്.
വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ 159 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മദ്രാസ് റെജിമെന്റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ഥലത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
കോഴിക്കോട് നിന്ന് കാര്‍മാര്‍ഗം എത്തികൊണ്ടിരിക്കുകയാണ്. പാലം നിര്‍മ്മിക്കാനുളള സാധനങ്ങള്‍ 11 മണിയോടെ കണ്ണൂരിലെത്തും. ബെംഗളുരുവില്‍ നിന്ന് വിമാനത്തിലാണ് സാധനങ്ങള്‍ കൊണ്ടു വരുന്നത്. 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുകയെന്നും കെ രാജന്‍ അറിയിച്ചു.
വയനാട്ടിലേത് വന്‍ ദുരന്തമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.
മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് രജിസ്റ്റര്‍ പ്രകാരം നൂറിലധികം വീടുണ്ടായിരുന്നുവെന്നും പഞ്ചായത്ത് അറിയിച്ചു.