'നട്ടെല്ലില്ലാത്ത എൽ.ഡി.എഫ്'. പ്രശ്നങ്ങൾ പലതരം, പ്രതിച്ഛായയ്ക്കും കോട്ടം. ഒന്നും മിണ്ടാതെ ഘടകകക്ഷി നേതാക്കൾ. സ്വയം വിമർശനത്തിലൂടെയുള്ള തിരുത്തൽ മറന്ന് മുതിർന്ന നേതാക്കൾ. മറ്റു കക്ഷികൾക്ക് സി.പി.എമ്മിനെ ഭയമെന്ന് വാദമുയരുന്നു

New Update
pinarai vijayan mv govindan

തിരുവനന്തപുരം: തുടരെത്തുടരെ ഒട്ടേറെ പ്രശ്നങ്ങളിൽ സർക്കാർ പ്രതിരോധത്തിലായിട്ടും ഭരണത്തിൽ ഇടപെടേണ്ട രാഷ്ട്രീയ ഫോറമായ എൽ.ഡി.എഫിൽ കനത്ത മൗനം.

Advertisment

മെഡിക്കൽ കോളേജുകളിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ഡോക്ടർ ഹാരിസ് രംഗത്തെത്തിയതടക്കം നിരവധി പ്രശ്നങ്ങളാണ് ഭരണപരമായും രാഷ്ട്രീയപരമായും സർക്കാരും മുന്നണിയും നേരിടുന്നത്.

എന്നാൽ ഇതേപ്പറ്റി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ എൽഡിഎഫ് വിളിച്ചുകൂട്ടാൻ സി.പി.എം മുതിർന്നിട്ടുമില്ല ഘടകക്ഷികൾ ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് യാഥാർത്ഥ്യം.


ഫലത്തിൽ ചത്ത കുതിരയായി എൽഡിഎഫ് മാറിയെന്ന വിമർശനവും ചില ഇടത് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.


തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരീസിന്റെ വെളിപ്പെടു
ത്തൽ, തുടർന്ന് അദ്ദേഹത്തെ വെട്ടിലാക്കാൻ ഡിഎംഇ അടക്കമുള്ളവർ രംഗത്ത് വന്ന വിഷയം,

എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളിയതും, ലോകബാങ്ക് പദ്ധതിയായ കേര സംബന്ധമായ വിവാദങ്ങൾ അടക്കം ഒരു വിഷയവും എൽഡിഎഫ് ചേർന്ന് ചർച്ച ചെയ്തിട്ടില്ല. 

നിലവിൽ സിപിഎമ്മിൽ ഇപ്പോൾ നടക്കുന്ന കത്ത് വിവാദമടക്കം വലിയ ആരോപണങ്ങളാണ് സർക്കാരിനെതിരെ നിലനിൽക്കുന്നത്.


മന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും അടക്കം പ്രവാസി വ്യവസായി രാജേഷ് കൃഷ്ണ പണം നൽകിയെന്ന് ആരോപണമാണ് നിലവിൽ സർക്കാരിനെതിരെ നിലനിൽക്കുന്നത്. 


തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ അത് സർക്കാരിൻ്റെ വീഴ്ചയായി കണക്കാക്കപ്പെടുമെന്ന വാദവും ഉയർന്നിട്ടുണ്ട്.

എന്നാൽ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടും സിപിഐ അടക്കമുള്ള കക്ഷികൾ മൗനം അവലംബിക്കുകയാണ്.

മുമ്പ് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻറെ ആത്മഹത്യ സംബന്ധിച്ച് വലിയ വിമർശനങ്ങളാണ് എൽഡിഎഫിനുള്ളിൽ ആർ ജെ ഡി അടക്കമുള്ള കക്ഷികൾ ഉയർത്തിയത്. 


സർക്കാരിനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതൊന്നും ഇടതുമുന്നണി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് പറയാൻ ഒരു കക്ഷി നേതാവും തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. 


ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്നറിയപ്പെടുന്ന സിപിഐ അതിന്റെ സംഘടനാതലത്തിൽ അഴിച്ചു പണിക്കുള്ള സമ്മേളനങ്ങളിൽ വ്യാപൃതരായിരിക്കു കയാണ്. നിലവിൽ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തിയായി കഴിഞ്ഞു.

ഭൂരിഭാഗമിടത്തും സിപിഎമ്മിനും സർക്കാരിനും മന്ത്രിമാർക്കും രൂക്ഷ വിമർശനമാണ് ഉണ്ടായത്. എന്നാൽ ഇക്കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന് ആവശ്യം സിപിഐ നേതൃത്വവും മുന്നോട്ടു വെച്ചിട്ടില്ല.

സിപിഎമ്മുമായി കൊമ്പ് കോർക്കുന്നതല്ല സിപിഐയുടെ രാഷ്ട്രീയ പ്രവർത്തനം എന്നാണ് പലയിടത്തും നേതൃത്വത്തിൽ നിന്ന് മറുപടി ഉണ്ടായിട്ടുള്ളത്.


സി.പി.ഐ - സി.പി.എം സെക്രട്ടറിതല കൂടിക്കാഴ്ചയിലും വിഷയങ്ങളൊന്നും ചർച്ചയായെന്ന സൂചനകൾ പുറത്തു വന്നിട്ടില്ല.പല കക്ഷി നേതാക്കൾക്കും മുഖ്യമന്ത്രിയെ ഭയമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ശക്തി പകരുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. 


സിപിഎം നേതൃത്വം നൽകുന്ന സർക്കാരിനെ വിമർശിച്ചാൽ പി.വി അൻവറിന്റെ ഗതിയാകുമെന്ന ഭയവും നേതാക്കളെ അലട്ടുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സി.പി.എം ദേശീയ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവന്നതും അതിലെ ഉള്ളടക്കവും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പാർട്ടി പദവികളിലും പാർലമെൻററി പദവികളിലും ഇരിക്കുന്ന നേതാക്കൾക്കും മന്ത്രിമാർക്കും അഴിമതി പണം ലഭിച്ചിട്ടുണ്ടെന്ന ആരോപണം സിപിഎമ്മിനെ വലയ്ക്കുകയാണ്.


ഇതിനിടെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കമാണ് കത്ത് പുറത്ത് വരാൻ കാരണമായതെന്നും പറയപ്പെടുന്നുണ്ട്.


ഭരണമുന്നണിയെ നയിക്കുന്ന പാർട്ടിയായ സിപിഎമ്മിനുള്ള ചേരിപ്പോര് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാനും ഘടകപക്ഷി നേതാക്കൾക്ക് ധൈര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകളിൽ നിന്നും മനസ്സിലാകുന്നത്. 

മുമ്പ് വി.എസ്- പിണറായി പോരിൻ്റെ കാലത്ത് ആർ.എസ്.പി നേതാവ് ടി ജെ ചന്ദ്രചൂഡൻ ഒന്നിലധികം തവണ വിഷയങ്ങൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് അത്തരത്തിൽ നേതാക്കൾ ആരും മറ്റു കക്ഷികളിലും അവശേഷിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Advertisment