തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രീതി ഉറപ്പിക്കാൻ സർക്കാർ നീക്കം. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതിയും ഭൂമി തരംമാറ്റത്തിൽ വേഗതയും ഉറപ്പാക്കും. ജില്ലാതല അദാലത്തുകൾ ഒക്ടോബർ 3 മുതൽ. ജനസൗഹൃദ നീക്കങ്ങളിലൂടെ അസന്തോഷം ശമിപ്പിക്കാൻ ശ്രമം

New Update
pinarayi

തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കർശനമെന്ന് ജനങ്ങൾക്ക് പരാതിയുളള ചട്ടങ്ങളും നടപടിക്രമങ്ങളും സർക്കാർ ലഘൂകരിക്കുന്നു.

Advertisment

കെട്ടികിടക്കുന്ന ഭൂമി തരം മാറ്റുന്നതിനുളള അപേക്ഷകൾ തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചും വീട്, കെട്ടിടനിർമ്മാണം നടത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയുമാണ് സർക്കാർ ജനകീയമാകാൻ ശ്രമിക്കുന്നത്.


വലിയ തോതിൽ ജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും കേൾക്കുന്ന ഈ രണ്ട് വിഷയങ്ങളിൽ ഉദാര സമീപനം സ്വീകരിച്ചാൽ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായേക്കാവുന്ന ഭരണവിരുദ്ധ വികാരം വലിയൊരളവിൽ കുറയ്ക്കാനാകുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.


സംസ്ഥാനത്തെ വിവിധി വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഏഴ് ലക്ഷത്തോളം വരുന്ന ഭൂമി തരംമാറ്റൽ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം ഉണ്ടാകാത്തതിൽ വലിയ വികാരമാണ് താഴെത്തട്ടിലുളളത്.

വീട് വെക്കുന്നതിന് വേണ്ടി നൽകിയ തരംമാറ്റൽ അപേക്ഷകളിൽ തീർപ്പുണ്ടാകാത്തത് ജനങ്ങൾ സർക്കാരിന് എതിരാകാൻ കാരണമായിട്ടുണ്ട്.

navakerala yathra dv

ഇത് തിരച്ചറിഞ്ഞാണ് തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ജില്ലാ തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. അദാലത്തുകളുടെ സംസ്ഥാനതല ഉൽഘാടനം ഒക്ടോബർ 3ന് തൃശൂരിൽ നടക്കും.


സ്ഥല പരിമിതിയും മറ്റ് സവിശേഷമായ പ്രശ്നങ്ങളും നേരിടുന്ന സംസ്ഥാനത്ത് കെട്ടിട നിർമ്മാണ ചട്ടം കർക്കശമായി നടപ്പാക്കുന്നതിന് എതിരെയും ജനങ്ങൾക്ക് എതിർപ്പുണ്ട്.


ഇത് കണക്കിലെടുത്താണ് കെട്ടിടനിർമ്മാണ ചട്ടത്തിലെ വ്യവസ്ഥകൾ ഉദാരവും ജനോപകാരപ്രദവുമാക്കി കൊണ്ട് ഭേദഗതി ചെയ്യുന്നത്.

നൂറിലേറെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കെട്ടിടനിർമ്മാണ ചട്ടങ്ങളെ കൂടുതൽ ജനസൌഹൃദമാക്കുമെന്നാണ് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിൻെറ പ്രഖ്യാപനം.

തദ്ദേശ വകുപ്പ് തയാറാക്കിയ കരട് ഭേദഗതി നിയമവകുപ്പിൻെറ പരിശോധനയിലാണ്. പരിശോധന കഴിഞ്ഞാൽ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച് തീരുമാനമാക്കും.


തദ്ദേശവകുപ്പ് സംഘടിപ്പിച്ച അദാലത്തിൽ ഉയർന്നുവന്ന പരാതികളും ആഗോള നിക്ഷേപക സംഗമത്തിൽ ഉന്നയിക്കപ്പെട്ട പരാതികളും കണക്കിലെടുത്താണ് കെട്ടിട നിർമ്മാണ ചട്ടത്തിൽ സമഗ്രമായ ഭേദഗതി വരുത്തുന്നത്.


കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും  പ്രത്യേകതകളും പരിഗണിച്ച് പ്രത്യേക ഇളവുകൾ പുതിയ ഭേദഗതി വരുമ്പോൾ ഉണ്ടാകും. വ്യവസായ വകുപ്പ് തടസമായി നിൽക്കുന്ന കെട്ടിടനിർമ്മാണ ചട്ടങ്ങളിലും ഇളവുകൾ വരും.

തദ്ദേശ ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെ സ‍ർക്കാരിൻെറ ശ്രദ്ധേയമായ ഇടപെടലാണ് കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ഭേദഗതി. ഒക്ടോബർ മാസത്തിൽ  ചട്ടഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമം.

pinarayi

തിരഞ്ഞെടുപ്പുകളിൽ സർക്കാരുകൾക്ക് എതിരായ ഭരണവിരുദ്ധവികാരം  ഉണ്ടാക്കുന്നതിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.


വൻതോതിൽ പരാതികൾ ഉയരുന്ന മേഖലയിൽ ജനോപകാരപ്രദമായ മാറ്റങ്ങൾ കൊണ്ടുവന്ന് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


നെൽവയൽ തണ്ണീർത്തട നിയമത്തിൽ നിന്ന് ഇളവ് നൽകി ഭൂമി തരം മാറ്റി കിട്ടുന്നതിനുവേണ്ടി ലക്ഷക്കണക്കിന് അപേക്ഷകളാണ് റവന്യു ഓഫീസുകളിൽ കിടക്കുന്നത്. ഇത് കൂടാതെ ദിനംപ്രതി നൂറുകണക്കിന് അപേക്ഷകൾ വരുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിച്ച് അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. 25 സെൻറ് വരെയുളള ഭൂമി ഫീസ് ഈടാക്കാതെ സൗജന്യമായി തരം മാറ്റി കൊടുക്കുന്നുണ്ട്.


ഇത്തരത്തിൽ സൗജന്യ തരം മാറ്റലിന് അർഹതയുള്ള അപേക്ഷകളാണ് ജില്ലാ അദാലത്തുകളിൽ പരിഗണിക്കുന്നത്.നിയമാനുസൃതമായ അപേക്ഷകളിൽ അദാലത്തിൽ വച്ചുതന്നെ അനുകൂല തീരുമാനം എടുക്കാനാണ് ധാരണ.


അപേക്ഷകളുടെ മുൻഗണനാക്രമം നോക്കാതെ മേഖല തിരിച്ച് പരിഗണിക്കാനാണ് നിർദ്ദേശം.തരംമാറ്റൽ അപേക്ഷകളിൽ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപോർട്ടിലെ ചോദ്യാവലികൾ ലഘൂകരിക്കാനും റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Advertisment