/sathyam/media/media_files/2025/11/01/prathapn-2025-11-01-14-51-01.jpg)
തൃശ്ശൂർ:തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും മുൻ തൃശ്ശൂർ എംപിയുമായ ടി.എൻ. പ്രതാപൻ.
എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മേയർ നടത്തിയ പ്രസ്താവന പച്ചനുണയാണെന്നും, ഇത് എൽഡിഎഫ്-ബിജെപി ഡീലിന്റെ പ്രതിഫലനമാണെന്നും പ്രതാപൻ ആരോപിച്ചു.
സുരേഷ് ഗോപിയെ സഹായിക്കാൻ മേയർ അടിമപ്പണി ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ഫണ്ട് നൽകിയില്ല' എന്ന മേയറുടെ പ്രസ്താവന
തൃശ്ശൂർ കോർപ്പറേഷന് വേണ്ടി ടി.എൻ. പ്രതാപൻ എംപി ഒരു രൂപ പോലും ഫണ്ട് നൽകിയില്ല എന്നായിരുന്നു മേയർ എം.കെ. വർഗ്ഗീസിന്റെ പ്രസ്താവന. ഇതിനു പിന്നാലെ, സുരേഷ് ഗോപി എംപിയായ ഉടൻ ഫണ്ട് നൽകി എന്ന് മേയർ പ്രശംസിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ "ഈ കോർപ്പറേഷൻ അങ്ങ് തരണം" എന്ന ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാനാണ് ഈ നുണ പറയുന്നതെന്നും, ഇത് എൽഡിഎഫ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ പ്രതിഫലനമാണെന്നും പ്രതാപൻ പത്രക്കുറിപ്പിൽ ആരോപിച്ചു.
ടി.എൻ. പ്രതാപൻ എംപി ഫണ്ട് കണക്കുകൾ
മേയറുടെ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ടി.എൻ. പ്രതാപൻ എംപി ഫണ്ട് വിനിയോഗത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു.
"2019 മുതൽ 2025 വരെ 3 കോടി 57 ലക്ഷത്തി 72,000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ എന്റെ എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചത്. നാല് കോടിയിലധികം അനുവദിച്ചതിൽ നിന്ന് ഭരണാനുമതി പൂർത്തിയാക്കി പദ്ധതിയായി മാറിയ കണക്കാണിത്." - പ്രതാപൻ വ്യക്തമാക്കി.
പ്രധാനമായും കോർപ്പറേഷന്റെ സ്വന്തം ആസ്തികളിലും സ്ഥാപനങ്ങളിലും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
| പദ്ധതി | ചെലവഴിച്ച തുക |
ഡിവിഷൻ 15 അംഗൻവാടി നം 45 | ₹26,60,000 |
ഡിവിഷൻ 47 അംഗൻവാടി നം 50 | ₹30,00,000 |
ഡിവിഷൻ 55 ഫാമിലി ഹെൽത്ത് സെന്റർ | ₹32,00,000 |
ജനറൽ ആശുപത്രി വെന്റിലേറ്റർ | ₹26,75,000 |
ജനറൽ ആശുപത്രി ആംബുലൻസ് | ₹28,47,000 |
ശക്തൻ KSRTC സ്റ്റാൻഡ് ക്യാമറ | ₹30,00,000 |
ശക്തൻ മാർക്കറ്റിൽ ഹൈമാസ്റ്റ് ലൈറ്റ് | ₹5,00,000 |
ജില്ലാ ഹോമിയോ ആശുപത്രിക്ക് മൊബൈൽ ഡിസ്പെൻസറി | ₹10,60,000 |
ഡിവിഷൻ 54 ലാലൂർ ബക്കർ കോളനി റോഡ് ഡ്രെയിനേജ് | ₹16,30,000 |
ഡിവിഷൻ 55 അരിക്കപ്പാറ കോളനി മോഡൽ റോഡ് ഡ്രെയിനേജ് | ₹20,00,000 |
മേൽപ്പറഞ്ഞ 2.25 രൂപയുടെ കോടിയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ കോർപ്പറേഷൻ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.32 കോടി രൂപ എംപി ഫണ്ടിൽ നിന്നും ചെലവഴിച്ച് സ്കൂൾ ബസുകളും സ്മാർട്ട് ക്ലാസ് മുറികളും ഒരുക്കി നൽകിയിട്ടുണ്ട്.
കോർപ്പറേഷൻ സഹകരിക്കാത്തതിനാൽ ഉപേക്ഷിച്ച പദ്ധതികൾ
കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം കാരണം 1.78 കോടി രൂപയുടെ മൂന്ന് പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നതായും പ്രതാപൻ ആരോപിച്ചു:
* ഭാരത് SC/ST ഹാന്റി ക്രാഫ്റ്റ് വർക്ക് ഷെഡ് (₹20 ലക്ഷം): 2024 ജനുവരി വരെ പദ്ധതിക്കാവശ്യമായ അനുമതി നൽകാത്തതിനാൽ ഉപേക്ഷിച്ചു.
* I LOVE THRISSUR പദ്ധതി (₹1 കോടി): വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കി സമർപ്പിക്കാൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും എട്ട് മാസങ്ങൾക്ക് ശേഷം പുരോഗതിയില്ലാത്തതിനാൽ ക്യാൻസൽ ചെയ്തു.
* മിനിമാസ്റ്റ് ലൈറ്റുകൾ (₹58 ലക്ഷം): ഇലക്ട്രിസിറ്റി ചാർജ് സംബന്ധിച്ച എൻ.ഒ.സി. നൽകാൻ മേയർ തയ്യാറാകാതിരുന്നതിനാൽ ഫണ്ട് ലാപ്‌സാവാതിരിക്കാൻ അംഗൻവാടി നിർമ്മാണത്തിനായി തുക വിനിയോഗിച്ചു.
സിപിഐഎം-ബിജെപി ഡീൽ ആരോപണം
മേയർക്ക് ആർഎസ്എസുകാർ എന്തെങ്കിലും കൊണ്ടുവന്നു തരുന്നുണ്ടെങ്കിൽ ആ കണക്ക് കൃത്യമായി പറയണമെന്നും, എംപി ഫണ്ടിന്റെ വിഷയമായി അത് അവതരിപ്പിക്കുന്നത് വിവരക്കേടും അല്പത്തരവുമാണ് എന്നും പ്രതാപൻ പരിഹസിച്ചു.
"സുരേഷ് ഗോപിക്ക് വേണ്ടി ഇതുപോലെ അടിമപ്പണി ചെയ്യുന്ന ഒരാളെ മേയർ സ്ഥാനത്ത് വെച്ചുവാഴിക്കുന്ന സിപിഎം എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. ഈ മേയർ എൽഡിഎഫിന്റെ മേയറായി ഇരുന്ന് തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതല്ലേ കാണുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് സിപിഐഎം സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഇത് പിണറായി-രാജീവ് ചന്ദ്രശേഖർ ഡീലിന്റെ ഒരു ചെറിയ ഭാഗമാണ്," പ്രതാപൻ ആരോപിച്ചു.
കോർപ്പറേഷന്റെ സ്വന്തം അധികാരത്തിലും ആസ്തിയിലും ഉൾപ്പെട്ട പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനചടങ്ങുകളിൽ താൻ എംപിയോടൊപ്പം അദ്ധ്യക്ഷത വഹിച്ച ആളാണ് മേയർ എന്നും, എന്നിട്ടും അസത്യ പ്രചരണം നടത്തുന്നത് ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us