/sathyam/media/media_files/0ZN68CTdNqvt6fCZOn5Z.jpg)
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു രണ്ടാം പിണറായി സർക്കാർ തറക്കല്ലിടില്ലെന്നു ഏറെക്കുറേ ഉറപ്പായി. കോടതിയിൽ നിന്നു തുടർച്ചയായി ഉണ്ടായ തിരിച്ചടികളാണ് എൽഡിഎഫിൻ്റെ സ്വപ്ന പദ്ധതിക്കു തടസമായത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ടാണ് രണ്ടാം പിണറായി സർക്കാർ ചെറുവള്ളിയിൽ വിഭാവനം ചെയ്തത്. പദ്ധതിക്കായി 2570 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാനിരുന്നത്. 2363 ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ്റിന്റെയും 307 ഏക്കര്‍ വിവിധ വ്യക്തികളുടെതുമാണ്.
പദ്ധതിക്കായി രണ്ടുതവണയാണ് സാമൂഹിക ആഘാത പഠനം നടത്തേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച വിശദ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ (ഡി.പി.ആര്‍) 3,000 മീറ്റര്‍ നീളമുള്ള റണ്‍വെയാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ബോയിങ് 777 ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് സൗകര്യമൊരുക്കും. പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാര്‍ക്കു ശേഷിയുള്ള ടെര്‍മിനലും പദ്ധതിയില്‍ ഉണ്ട്. അനുബന്ധമായ കാര്‍ഗോ സൗകര്യങ്ങളുമുണ്ടാകും.
7047 കോടി രൂപയാണു വിമാനത്താവളത്തിന്റെ നിര്‍മാണ ചെലവു പ്രതീക്ഷിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി വരുന്ന തുക ഉള്‍പ്പടെയുള്ള വിമാനത്താവള നിര്‍മാണ ചെലവാണിത്. നേരത്തെ കണക്കാക്കിയിരുന്ന 3450 കോടി രൂപയുടെ സ്ഥാനത്താണിത്.
എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിമാനത്താവള പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇത്രയധികം ഭൂമി പദ്ധതിക്ക് ആവശ്യമാണോ എന്ന് പരിശോധിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നും, സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതി റിപ്പോർട്ടും വേണ്ടത്ര ഗൗരവത്തോടെയല്ല തയ്യാറാക്കിയതെന്നും ജസ്റ്റിസ് സി.ജയചന്ദ്രൻ വിലയിരുത്തി.
പിന്നീട് സർക്കാരിന് പ്രതീക്ഷയുണ്ടായിരുന്നത് പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ സബ്‌കോടതിയിലെ കേസിലായിരുന്നു. ഭൂമിസര്‍ക്കാരിന് അവകാശപ്പെട്ടതെന്നു വിധി വന്നാല്‍ വിമാനത്താവള സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിധി എതിരായതോടെ പദ്ധതി ചെറുവള്ളിയിൽ തന്നെ നടപ്പായെന്നു വരില്ല.
ഹൈക്കോടതി വിധി അംഗീകരിച്ച് വിസ്തൃതികുറച്ച് ഭൂമി ഏറ്റെടുത്താല്‍ പദ്ധതിയില്‍ വലിയ മാറ്റം വരുത്തേണ്ടിവരും. 3.5 കി.മി നീളം വരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ എന്ന ഉള്‍പ്പെടെ അടങ്ങിയ പദ്ധതി ചെറുതാക്കേണ്ടി വരും. അപ്പീലുമായി പോയാല്‍ വിമാനത്താവള നിര്‍മാണം സമീപകാലത്തൊന്നും ആരംഭിക്കാനും കഴിയില്ല. ഇതോടെ മൂന്നാം ഭരണ തുടർച്ച ലക്ഷ്യമിട്ടിറങ്ങയ എൽ.ഡി.എഫിൻ്റെ സ്വപ്ന പദ്ധതി കടലാസിൽ മാത്രം ഒതുങ്ങും. വിഴിഞ്ഞം മോഡൽ വികസനമാണ് ശബരി വിമാനത്താവളത്തിലൂടെ സർക്കാർ അവതരിപ്പിക്കാനിരുന്നത്. കോടതി വിധി എതിരായതോടെ പ്രതിപക്ഷം വിഷയം സർക്കാരിനെതിരെ പ്രചാരണായുധമാക്കാനും തുടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us