/sathyam/media/media_files/q7niGW3bJxWoNI5gybUe.jpg)
കൊച്ചി: ജനുവരി 6 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ സമുദ്ര പൈതൃകത്തെയും അതിന്റെ ആഗോള പ്രസക്തിയെയും ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കും. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ചരിത്രകാരന്മാര്‍, ആര്‍ക്കൈവിസ്റ്റുകള്‍, പണ്ഡിതന്മാര്‍ എന്നിവര്‍ സമ്മേളനത്തിലെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 6 മുതല്‍ 8 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് നടക്കുക.
രാജ്യത്തിനകത്തെ പ്രതിനിധികള്‍ക്ക് പുറമേ 22 രാജ്യങ്ങളില്‍ നിന്നായി വിവിധ മേഖലകളിലെ 38 പ്രമുഖ വ്യക്തികളും സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാര്‍, ചരിത്രകാരന്മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാര്‍, സാംസ്‌കാരിക പരിശീലകര്‍ എന്നിവര്‍ പങ്കെടുക്കുന്ന സെഷനുകള്‍ സമ്മേളനത്തില്‍ ഉണ്ടായിരിക്കും.
ലിസ്ബണ്‍ സര്‍വകലാശാലയിലെ ഡോ. ഹ്യൂഗോ കാര്‍ഡോസോ, ഓസ്ട്രിയയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയിലെ പ്രൊഫ. ഇസ്താന്‍ പെര്‍സെല്‍, ജക്കാര്‍ത്തയിലെ സിയാരിഫ് ഹിദായത്തുള്ള സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജജാത്ത് ബുര്‍ഹാനുദിന്‍, ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജെയിംസ് ഒന്‍ലി, ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയിലെ ഡോ. നിയ ഡെലിയാന, ബെല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സാറാ മൊണ്ടിനി, യുകെയിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. അഖില യെച്ചൂരി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഡോ. സന്ധ്യ റാവു മേത്ത, യുകെയിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഡോ. ഒഫിറ ഗാംലിയല്‍, ഷാര്‍ജ മ്യൂസിയം ഡയറക്ടര്‍ ഡോ. മനാല്‍ അതായ, ഖത്തര്‍ മ്യൂസിയത്തിലെ ഡോ. റോബര്‍ട്ട് കാര്‍ട്ടര്‍, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഷെര്‍ ബാനു എ.എല്‍ എന്നിവര്‍ വിവിധ സെഷനുകളിലെ പ്രഭാഷകരാണ്.
ഉദ്ഘാടന ദിവസം 'അന്തര്‍ദേശീയ പൈതൃക ഇടനാഴികളുടെ ഭരണനിര്‍വഹണവും നിലനില്‍പ്പും - നയ പാതകള്‍' എന്ന വിഷയത്തില്‍ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വേണു വി സംസാരിക്കും. ടൂറിസം സെക്രട്ടറി ബിജു കെ, ഐസിഒഎംഒഎസ് ഇന്ത്യ പ്രസിഡന്റ് ഡോ. റിമ ഹൂജ, യുനെസ്‌കോ ഡയറക്ടര്‍ ടിം കര്‍ട്ടിസ് എന്നിവരാണ് ഈ സെഷനിലെ മറ്റ് പാനലിസ്റ്റുകള്‍. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ മോഡറേറ്ററാകും.
ആദ്യ ദിവസം സ്‌പൈസ് റൂട്ട്‌സ്: ജനങ്ങളും വസ്തുക്കളും ആശയങ്ങളും എന്ന വിഷയത്തില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.
'സ്പൈസ് റൂട്ടിന്റെ സാംസ്‌കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാര്‍ കെ, ഐജിഎന്‍എ ആദി ദൃഷ്ട ഡയറക്ടര്‍ ഡോ. റിച്ച നേഗി, കൂടിയാട്ട ആചാര്യന്‍ ഡോ. മധു മാര്‍ഗി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍, അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് എന്നിവര്‍ പങ്കെടുക്കും.
'ഡിജിറ്റല്‍ സ്പൈസ് റൂട്ട്‌സ് - സാങ്കേതികവിദ്യയും പൈതൃക വ്യാഖ്യാനത്തിന്റെ ഭാവിയും' എന്ന വിഷയത്തിലുള്ള സെഷനില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക, ബുക്കിംഗ് ഡോട്ട് കോമിലെ അരുണ്‍ അശോക്, എക്‌സ്ആര്‍ ഹൊറൈസണ്‍ സിഇഒ ഡെന്‍സില്‍ ആന്റണി, കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റിലെ ജോഹാന്‍ കുരുവിള എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും. മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് എംഡി ഷാരോണ്‍ വി മോഡറേറ്ററായിരിക്കും.
പ്രബന്ധാവതരണങ്ങള്‍, സംഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, കലാപ്രകടനങ്ങള്‍, സ്ഥല സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്‌കാരങ്ങളും സമ്മേളനത്തിലുണ്ടാകും.
സ്പൈസ് റൂട്ടിനെ തിരക്കേറിയ സമുദ്ര വാണിജ്യ പാതയെന്നതിലുപരി ആശയങ്ങള്‍, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഇടനാഴി എന്ന നിലയിലാണ് പ്രഭാഷകര്‍ പര്യവേഷണം ചെയ്യുന്നത്.
പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും. ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: https://www.keralatourism.org/muziris
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us