തൃശൂര്‍: തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്-കോസ്റ്റല്‍ പൊലീസ് സംയുക്തസംഘം പിടികൂടി. വാടാനപ്പള്ളി തൃത്തല്ലൂര്‍ കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'സൂര്യദേവന്‍' വള്ളവും ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ വള്ളവും ഉള്‍പ്പെടെ രണ്ട് യാനങ്ങളാണ് അധികൃതര്‍ പിടിയിലായത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫര്‍ഷാദിന്റെയും നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന യാനങ്ങള്‍ പിടിച്ചെടുത്തത്.
ഇത്തരം മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതിനെതിരെ പരമ്പരാഗത യാനങ്ങളിലെ തൊഴിലാളികളും ലൈറ്റ് ഫിഷിങ് നടത്തുന്നവരും തമ്മില്‍ കടലില്‍ സംഘര്‍ഷാവസ്ഥക്ക് സാധ്യതയുള്ളതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
യാനങ്ങളില്‍ ഉപയോഗിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറി. വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 97,00 രൂപ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് സൂര്യദേവന്‍ വള്ളത്തിന് മൂന്ന് ലക്ഷം പിഴയിട്ടു.
ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രേഷ്മ, മെക്കാനിക് ജയചന്ദ്രന്‍, മുനക്കകടവ് കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ് ലാല്‍, ലോഫിരാജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിധിന്‍, അനൂപ്, ബൈജു, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യോഗസ്ഥരായ ഇ.ആര്‍. ഷിനില്‍കുമാര്‍ വി.എന്‍. പ്രശാന്ത് കുമാര്‍, വി.എം. ഷൈബു എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.