കൊച്ചി : പൊതുമേഖലയെ പൂർണ്ണമായും തകർക്കുന്ന ഇടതു നയവ്യതിയാനം കെ എസ് ആർ ടി സി ഉൾപ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ കുരുതി കൊടുക്കുമെന്ന് ബി എം എസ് ദേശീയ നിർവ്വാഹക സമിതി അംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.
കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറൽ ബോഡി എറണാകുളം തൊഴിലാളി പഠനകേന്ദ്രത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നവകേരളത്തെ നയിക്കാൻ പുതുവഴി" എന്ന സിപിഎം നയരേഖ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ്. ലഭാധിഷ്ഠിത മുതലാളിത്ത കോർപ്പറേറ്റ് ചങ്ങാത്തം വഴി വലിയ അഴിമതിക്കാണ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും കോപ്പ് കൂട്ടുന്നത്. ഇതിൻ്റെ ആദ്യ ഇര കെഎസ്ആർടിസി ആയിരിക്കും എന്ന് പാർട്ടിയുടെ മുൻ ചെയ്തികളിൽ നിന്ന്, അനുഭവത്തിൻ്റെ വെളിച്ചത്തിൽ ബിഎംഎസിന് പറയാൻ കഴിയും.
എന്നാൽ അത് വ്യാമോഹമാണ്. പൊതുജനങ്ങളെയും ജീവനക്കരെയും സംഘടിപ്പിച്ച് ബിഎംഎസ് നിങ്ങളുടെ നയത്തെ ചെറുത്ത് തോല്പിക്കും എന്നും ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.
എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻറ് ജി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് സി.ഹരീഷ് കുമാർ, ജനറൽ സെക്രട്ടറി എസ്.അജയകുമാർ, ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്.വി.നായർ,ട്രഷറർ ആർ.ബിജുകുമാർ,വൈസ്പ്രസിഡൻ്റ് കെ.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.ആർ.രമേഷ്കുമാർ എന്നിവർ സംസാരിച്ചു.