30 ആഴ്ച ഗർഭഛിദ്രം: ജീവന്റെ മഹത്വം നഷ്ടപ്പെടുമോയെന്ന് ആശങ്ക, ഗർഭഛിദ്ര വിധിയിൽ നിയമപരവും നൈതികവുമായ ആശങ്കകൾ ഉയരുന്നു- പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

New Update
pro life Committee

കൊച്ചി : ഗർഭം പ്രസവത്തിലേക്ക് എത്തിക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന സുപ്രിം കോടതിയുടെ നിരീക്ഷണവും, 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയതുമാണ് സമൂഹത്തിൽ വലിയ ആശങ്കയും ചർച്ചയും സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് വ്യക്തമാക്കി.

Advertisment

നിലവിൽ എം.ടി.പി (Medical Termination of Pregnancy) ആക്ട് പ്രകാരം ഇന്ത്യയിൽ 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭകാലത്താണ് ഗർഭഛിദ്രത്തിന് നിയമപരമായ അനുമതി ഉള്ളത്. ഈ പരിധിക്ക് പുറത്തുള്ള വിധികൾ ജീവന്റെ സംരക്ഷണം, നിയമവ്യവസ്ഥ, സാമൂഹിക നൈതികത എന്നീ വിഷയങ്ങളിൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ചെയർമാൻ സാബു ജോസ് പറഞ്ഞു.


ജീവന്റെ സംരക്ഷണത്തിൽ പാടില്ലാത്തതും പരിഷ്‌കരിക്കേണ്ടതുമായ സാഹചര്യങ്ങളിൽ സുപ്രിം കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ പ്രൊ ലൈഫ് പ്രവർത്തകരിൽ വലിയ വിഷമവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

30 ആഴ്ച പിന്നിട്ട ഗർഭസ്ഥ ശിശുവിന് ജീവിക്കാൻ അവസരം നൽകണമെന്നും, അമ്മയ്ക്ക് ശിശുവിനെ പരിപാലിക്കാൻ കഴിയാത്ത പക്ഷം അനാഥാലയത്തിലേക്ക് കൈമാറാമെന്നുമുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യജീവനെ സംരക്ഷിക്കാനുള്ള ആത്മാർത്ഥമായ ഇടപെടലാണെന്നും സാബു ജോസ് വ്യക്തമാക്കി.


ആൺസുഹൃത്തിൽ നിന്നുണ്ടായ ഗർഭധാരണത്തെ തുടർന്ന് 17-ാം വയസ്സിൽ ഗർഭിണിയായ മഹാരാഷ്ട്ര സ്വദേശിനിക്ക് ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച നടപടി, ജീവന്റെ മൂല്യം ഉറപ്പുവരുത്താനും സമൂഹത്തിൽ ‘ജീവന്റെ സംസ്കാരം’ നിലനിർത്താനും ലക്ഷ്യമിട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയുടെ ഈ തീരുമാനം ഏത് പ്രത്യേക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ മാധ്യമങ്ങളിലൂടെ ഇത്തരം വിധികൾ വ്യാപകമായി പ്രചരിക്കുമ്പോൾ, സമൂഹത്തിൽ ജീവന്റെ മഹത്വം നഷ്ടപ്പെടുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുമോയെന്ന ആശങ്കയും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പങ്കുവയ്ക്കുന്നതായും സാബു ജോസ് പറഞ്ഞു.

Advertisment