നിയമസഭ പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭയിൽ 153 വിദ്യാർത്ഥികൾ പങ്കെടുത്തു

New Update
childrens assembly

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ലഹരി ഉപയോഗം ചെറുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് ചൂണ്ടിക്കാട്ടി 'നിയമസഭ'യിൽ 'പ്രതിപക്ഷ അംഗങ്ങൾ' 'വാക്കൗട്ട്' നടത്തി. എന്നാൽ സ്വീകരിച്ച ലഹരി വിരുദ്ധ നടപടികൾ ഓരോന്നും അക്കമിട്ട് നിരത്തി 'സർക്കാർ' ശക്തമായി പ്രതിരോധിച്ചു. 

Advertisment

കേരള നിയമസഭ പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭയിലാണ് പ്രതിഷേധവും വാക്ക്ഔട്ടും അരങ്ങേറിയത്. 

കേരളത്തിൽ എംബിഎ ബിരുദധാരികളേക്കാൾ എംഡിഎംഎ വാഹകരാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വനിത എക്സൈസ് ഓഫീസർ തസ്തികയിൽ നിയമനം നടത്താതെയും എക്സൈസ് വകുപ്പിന് വേണ്ടത്ര വാഹനങ്ങൾ നൽകാതെയും ലഹരി ഉപഭോഗം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.

childrens assembly-2

എന്നാൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ടെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവും ബോധ്യവുമുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും എക്സൈസ് മന്ത്രി ശക്തമായി തിരിച്ചടിച്ചു. 

വിഷയത്തിൽ പ്രതിപക്ഷം ഉപക്ഷേപത്തിന് നോട്ടീസ് നൽകിയെങ്കിലും എക്സൈസ് മന്ത്രിയുടെ തൃപ്തികരമായ മറുപടി യെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്നായിരുന്നു വാക്ക്ഔട്ട്. 

ചോദ്യങ്ങളും ഉപ ചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളീംഗുമൊക്കെയായി ചടുലമായിരുന്നു വിദ്യാർത്ഥി സഭ.

കണ്ണൂർ, വയനാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 153 വിദ്യാർത്ഥികളാണ് മാതൃക സഭയിൽ പങ്കെടുത്തത്. കൊല്ലം പൂയപ്പള്ളി ജിഎച്ച്എസ്എസിലെ ആത്രേയ് സി എ ആയിരുന്നു സഭാനാഥനായ സ്പീക്കർ. 

childrens assembly-3

തിരുവന്തപുരം മീനാങ്കൽ ജി ടിഎച്ച്എസിലെ പാർവതി എൽ ആർ ഡെപ്യൂട്ടി സ്പീക്കറായി. കൊല്ലം കടയ്ക്കൽ ജിവിഎച്ച്എസ്എസിലെ ടി എസ് മാനവ് മുഖ്യമന്ത്രിയും നെടുമങ്ങാട് ജിഎച്ച്എസ്എസിലെ അമാന ഫാത്തിമ പ്രതിപക്ഷ നേതാവുമായി. 

മാതൃക നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ അധ്യക്ഷനായി. സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി, അഡീഷണൽ സെക്രട്ടറി ഹരി പി, ജോയിന്റ് സെക്രട്ടറി ഷീന ശിവദാസ് എന്നിവർ സന്നിഹിതരായി.

Advertisment