ചെറുകിട മത്സ്യമേഖലയിലെ യഥാർത്ഥ ജീവിതം പകർത്തി ലൈവ് പെയിന്റിംഗ്

New Update
cmfr


കൊച്ചി: ചെറുകിട മത്സ്യബന്ധന മേഖലയിൽ ഉപജീവനം നടത്തുന്നവരുടെ ജീവിതം വരച്ചിടുന്ന വേവ്സ് ഓഫ് ആർട് ലൈവ് പെയിന്റിംഗ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയമായ മീകോസിനോട് അനുബന്ധിച്ചാണ് എട്ട് കലാകാരൻമാർ തത്സമയ ചിത്രരചന നടത്തുന്നത്.

ചെറുകിട മത്സ്യബന്ധന മേഖലയുടെ യഥാർത്ഥ ചിത്രങ്ങൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട കലാവിരുന്ന്.   ശാസ്ത്രത്തെയും ഉപജീവനമാർഗത്തെയും സർഗ്ഗാത്മകതയെയും കോർത്തിണക്കിയുള്ള ഈ സംരംഭം സിംപോസിയത്തിൽ വേറിട്ട അനുഭവം നൽകി.


ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷന്റെ (ബിഒബിപി) നേതൃത്വത്തിലാണ് പ്രൊഫഷണൽ കലാകാരന്മാരെയും കലാപ്രേമികളെയും സഹകരിപ്പിച്ചുകൊണ്ട് 'വേവ്‌സ് ഓഫ് ആർട്ട്' അരങ്ങേറുന്നത്. ചിത്രകല ഉപയോഗിച്ച് മത്സ്യബന്ധന മേഖലയിലെ യാഥാർത്ഥ്യങ്ങൾ പൊതുജനങ്ങളെ ഉണർത്തുന്നതാണ് പരിപാടി. തീരദേശ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ലൈവ് പെയിന്റിംഗിന്റെ ലക്ഷ്യമാണ്.

കലാകാരൻമാരിൽ ആറു പേർ കൊച്ചിയിൽ നിന്നും രണ്ട് പേർ ചെന്നൈയിൽ നിന്നുമുള്ളവരാണ്.

ചെറുകിട മത്സ്യബന്ധനം എന്ന വിഷയത്തിൽ, മത്സ്യത്തൊഴിലാളികൾ മീൻപിടിച്ചെത്തുന്ന രംഗങ്ങൾ, വല വലിച്ച് കയറ്റുന്ന കാഴ്ചകൾ, മത്സ്യസംസ്‌കരണം, മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ദൈനംദിന ജീവിതരീതികൾ തുടങ്ങിയവ കലാകാരന്മാർ തത്സമയം ക്യാൻവാസിൽ പകർത്തുന്നത് പൊതുജനങ്ങൾക്ക് നവ്യാനുഭവമായി.

വാട്ടർ കളറും അക്രിലിക് മീഡിയവും ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീരദേശവാസികളുടെ പ്രതിരോധശേഷിയും ജീവിതതാളവും ഉപജീവനസ്വഭാവവും വരച്ചിടുന്നതായിരുന്നു.

ബിഒബിപി ആർട്ടിസ്റ്റ്  ഡോ. എസ് ജയരാജനാണ് താൽപര്യമുള്ള കലാകാരൻമാരെ സഹകരിപ്പിച്ച് വേവ്സ് ഓഫ് ആർട് ഒരുക്കിയത്. ഇന്ത്യയിലും പുറത്തും വേവ്സ് ഓഫ് ആർട് കലാസംരംഭം ബിഒബിപി നടത്തിവരുന്നുണ്ട്.

Advertisment
Advertisment