സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പയെടുത്ത് പണവുമായി നാട്ടുകാരന്‍ മുങ്ങിയതായി പരാതി

സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പയെടുത്ത് പണവുമായി നാട്ടുകാരന്‍ മുങ്ങിയതായി പരാതി. പെരിന്തല്‍മണ്ണയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുള്ളത്. 

New Update
kerala police vehicle

മലപ്പുറം: സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പയെടുത്ത് പണവുമായി നാട്ടുകാരന്‍ മുങ്ങിയതായി പരാതി. പെരിന്തല്‍മണ്ണയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുള്ളത്. 

Advertisment


കല്ലിപറമ്പന്‍ അബ്ദുല്‍ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാള്‍ പറ്റിച്ചതായാണ് പ്രദേശവാസികള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കില്‍ 22-ാം വാര്‍ഡിലെ മുപ്പതോളം സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായാണ് ഇയാള്‍ മുങ്ങിയതെന്നാണ് ആരോപണം.


സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ഇയാള്‍ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണ കോണ്‍ട്രാക്റ്റ് എടുത്ത ശേഷം പല കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ കൊണ്ട് സ്വകാര്യ ബാങ്കുകളില്‍നിന്ന് വായ്പ എടുപ്പിച്ച് പണം തട്ടിയതായാണ് ജനകീയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. 

ബാങ്കിലെ ലോണിന്റെ തിരിച്ചടവ് താന്‍ നോക്കി കൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് ലോണ്‍ എടുപ്പിച്ചത്. നഗരസഭയില്‍നിന്ന് ലൈഫ് പദ്ധതിയിലെ തുക കിട്ടുമ്പോള്‍ ലോണ്‍ പൂര്‍ണമായി അടയ്ക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. 


എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. നിര്‍ധനരും കൂലിപ്പണിക്കാരായ കുടുംബങ്ങളെയാണ് തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്. കുടിവെള്ളപദ്ധതി പൂര്‍ത്തിയാക്കാന്‍ തല്‍ക്കാലത്തേക്ക് പണം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അങ്കണവാടി ടീച്ചറായ സി. സഫിയയു ടെ പേരില്‍ ലോണ്‍ എടുത്തിട്ടുള്ളത്. 


പ്രദേശത്തെ മുപ്പതോളം സ്ത്രീകളെ ഇത്തരത്തില്‍ പല തരത്തില്‍ വിശ്വസിപ്പിച്ച് പേഴ്സണല്‍ ലോണെടുപ്പിച്ച്പണം കൈക്കലാക്കി മുങ്ങിയിരിക്കുകയാണെന്നാണ് ആരോപണം.

Advertisment