/sathyam/media/media_files/2025/11/11/election-kottayam-2025-11-11-17-11-37.jpg)
തിരുവനന്തപുരം: തദ്ദേശ ത്തിരഞ്ഞെടുപ്പിന് മൂന്നാഴ്ച്ച ബാക്കി നിൽക്കേ ചേരിപ്പോരിൽ പൊറുതിമുട്ടി സി.പി.എം, ബി.ജെ.പി കക്ഷികൾ.
തലസ്ഥാനത്തടക്കമുള്ള കോർപ്പറേഷനുകളിലും മറ്റ് ജില്ലകളിലുമാണ് സി.പി.എമ്മിനും ബി.ജെ.പിക്കും അടിപതറുന്നത്.
എല്ലാക്കാലത്തും തമ്മിലടിയും പരസ്പരമുള്ള പോർവിളികളും ഉടലെടുത്തിരുന്ന കോൺഗ്രസിൽ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനമാണ് ദൃശ്യമാകുന്നത്.
ത്രികോണ മത്സരം കൊടുമ്പിരിക്കൊള്ളുന്ന തലസ്ഥാനത്തെ കോർപ്പറേഷൻ പിരിധിയിലാണ് സി.പി.എമ്മിലും ബി.ജെ.പിയിലും തമ്മിലടിയും ചേരിപ്പോരും രൂക്ഷമാകുന്നത്.
ബി.ജെ.പി മുൻ കൗൺസിലർ അനിൽകുമാറിന്റെ മരണം പാർട്ടി പ്രവർത്തകരെ ഉലച്ചിരുന്നു.
അതിന്റെ ഞെട്ടൽ മാറും മുമ്പാണ് തൃക്കണ്ണാപുരത്തെ ആനന്ദ് എന്ന ബി.ജെ.പി നേതാവ് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ ഗുരുതര ആരോപണങ്ങളുയർത്തി ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് നിലവിൽ ബി.ജെ.പി സംസ്ഥാന നേതൃത്വമുള്ളത്.
തിരുമല കൗൺസിലർ അനിൽകുമാർ നേതാക്കൾക്കെതിരെ ഉന്നയിച്ചത് സഹകരണ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ്.
തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിത്വം ആഗ്രഹിച്ച ആനന്ദ് മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കോർപറേഷനിൽ തിരുമലയും തൃക്കണ്ണാപുരവും ബിജെപിയുടെ എ ക്ലാസ് വാർഡുകളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ വിജയസാധ്യത കൽപ്പിക്കുന്ന നേമം മണ്ഡലത്തിലാണ് ഈ രണ്ട് വാർഡുകളും ഉൾപ്പെടുന്നത്.
അതിനാൽ തന്നെ പ്രാദേശിക ചേരിതിരിവ് ചെറുതല്ലാത്ത തലവേദനയാണ് പാർട്ടി നേതൃത്വത്തിന് ഉണ്ടാക്കുന്നത്.
മുൻ കൗൺസിലർ അനിൽകുമാറിന്റെ മരണത്തിന് പിന്നാലെ കൂടുതൽ സാമ്പത്തിക ആരോപണങ്ങളും നേതാക്കളെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എം.എസ് കുമാർ രംഗത്തെത്തിയത് അടുത്തിടെയാണ്.
അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന് പകരം വ്യക്തി അധിക്ഷേപം നടത്തുകയും അദ്ദേഹം ഉന്നയിച്ച ആരോപണം തള്ളുകയുമാണ് സംസ്ഥാന നേതൃതവം ചെയ്തത്.
ഇതിനിടെ നെടുമങ്ങാട് നഗരസഭ വാർഡിലെ സ്ഥാനാർത്ഥിത്വ തർക്കത്തെ തുടർന്ന് നടന്ന ആത്മഹത്യ ശ്രമവും പ്രചാരണ വേദിയിൽ ബിജെപിക്ക് തലവേദനയായിട്ടുണ്ട്.
കോർപ്പറേഷൻ വാർഡ് സ്ഥാനാർത്ഥിത്വത്തെ തുടർന്ന് സി.പി.എമ്മിൽ പുകഞ്ഞ കടുത്ത അതൃപ്തിയിൽ മുതിർന്ന നേതാക്കളടക്കം പാർട്ടി വിട്ടു.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.
ചെമ്പഴന്തിയിലെ വനിതാ നേതാവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫും തലമുതിർന്ന കമ്മ്യൂണിസ്റ്റുകാരനുമായ ശ്രീകണ്ഠനുമാണ് കടകംപള്ളിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇരുവരും വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. ഇതിന് പുറമേ പാങ്ങോട് വാർഡിൽ ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനെ സി.പി.ഐ സ്ഥാനാർത്ഥിയാക്കിയതും വലിയ ചർച്ചയായിക്കഴിഞ്ഞു.
ഇതിന് പിന്നിൽ വട്ടിയൂർക്കാവ് എം.എൽ.എ രപശാന്തിന് പങ്കുണ്ടെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. ദേശാഭിമാനി മുൻ ബ്യൂറോ ചീഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജും രംഗത്ത് എത്തിക്കഴിഞ്ഞു.
സി.പി.എമ്മിലെ വിവിധ അധികാര ചേരികൾ തമ്മിലുള്ള വടംവലിയാണ് ഇതിന് പിന്നിലെന്നും കരുതപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ കോർപ്പറേഷൻ ഭരണത്തിനെതിരായ വികാരം അലയടിക്കുന്നതിന് പുറമേ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വലിയ അമർഷമാണ് സി.പി.എമ്മിൽ ഉടലെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us