/sathyam/media/media_files/2025/11/22/vd-satheesan-kc-venugopal-ramesh-chennithala-k-muraleedharan-k-sudhakaran-2025-11-22-16-14-04.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടു ടേമായി ഭരണം ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോൺഗ്രസിനും ഘടകകക്ഷികൾക്കുമുണ്ട്.
ഇത്തവണ ഏതു വിധേനയും നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കുകയാണ് ലക്ഷ്യം. അതിന്റെ ആദ്യ ചുവടാണ് തദ്ദേശ തിരഞ്ഞെടുപ്പ്.
പരമാവധി വാർഡുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വിജയിച്ച് താഴേത്തട്ടിൽ ജനസ്വാധീനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മൂന്ന് മുൻ എം.എൽ.എമാരെയാണ് ഇത്തവണ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ഇതിൽ നിന്നു തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാവും. തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ അനിൽ അക്കരയും തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ കെ.എസ്.ശബരീനാഥനും.
/filters:format(webp)/sathyam/media/media_files/2025/11/22/em-augusthy-ks-shabarinadhan-anil-akkara-2025-11-22-16-22-58.jpg)
ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് ഉടുമ്പൻചോല മുൻ എം.എൽ.എ ഇ.എം. ആഗസ്തിയാണ് മത്സരിക്കുക. ശബരീനാഥനെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്.
അനിൽ അക്കര മുമ്പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള ആളുമാണ്. മന്ത്രിയും എം.എൽ.എയുമായിരുന്ന എം.ടി പത്മയെ കോഴിക്കോട് കോർപ്പറേഷനിൽ മത്സരിപ്പിച്ച് ജയിപ്പിച്ച മുൻകാല ചരിത്രം കോൺഗ്രസിനുണ്ട്.
അതിനൊപ്പം തന്നെയാണ് എഐസിസി സെക്രട്ടറിയും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. അനില്‍ തോമസ് പത്തനംതിട്ട നഗരസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
ആറു കോർപ്പറേഷനുകളുടെ തിരഞ്ഞെടുപ്പ് ചുമതല അനുഭവ സമ്പന്നരായ ആറു നേതാക്കൾക്കാണ്. തലസ്ഥാന കോർപ്പറേഷനിൽ കെ. മുരളീധരനാണ് എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.
മുൻ മന്ത്രി വി.എസ്. ശിവകുമാർ (കൊല്ലം), വി.ഡി. സതീശൻ (എറണാകുളം), ബെന്നി ബഹനാൻ എം.പി (തൃശൂർ), രമേശ് ചെന്നിത്തല (കോഴിക്കോട്), കെ.സുധാകരൻ എം.പി (കണ്ണൂർ) എന്നിങ്ങനെയാണ് കോർപ്പറേഷനുകളുടെ ചുമതല. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ആശയമാണ് പുതിയ തന്ത്രം.
യു.ഡി.എഫ് എന്ന നിലയ്ക്ക് ഒറ്റക്കെട്ടായ മുന്നേറ്റത്തിൽ ജാഗരൂകരായിരിക്കുമ്പോഴും കോൺഗ്രസിന്റെ അടിത്തട്ടു മുതൽ പ്രവർത്തന രംഗത്ത് സജീവമാക്കാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നു.
യുവജനങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കാനും സാമുദായിക സംഘടനകളുടെ പരിഭവങ്ങൾക്ക് ചെവികൊടുക്കാനും ശ്രദ്ധിച്ചതും പുതിയ തന്ത്രങ്ങളുടെ ഭാഗമാണ്.
പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ തർക്കങ്ങളില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ സാധിച്ചതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സമീപകാല ചരിത്രത്തിലെ വലിയ നേട്ടമായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ അത്ഭുതം സൃഷ്ടിക്കുകമാത്രമല്ല കോൺഗ്രസിന്റെ ലക്ഷ്യം. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി മെഷീനറിയെ കൂടുതൽ ചലനാത്മകമാക്കുക കൂടിയാണ്.
ഭരണത്തിൽ നീണ്ട ഇടവേള ഉണ്ടായതിന്റെ ക്ഷീണം കോൺഗ്രസിനും ഘടകകക്ഷികൾക്കും നല്ല ബോദ്ധ്യമുണ്ട്. കോർപറേഷനുകളിൽ കൈവശമുള്ള കണ്ണൂർ നിലനിർത്തുന്നതിനൊപ്പം കൊച്ചി തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമുണ്ട്.
ആഞ്ഞുപിടിച്ചാൽ തൃശൂരിലും കൊല്ലത്തും ഭരണത്തിലേറാമെന്നാണു വിലയിരുത്തൽ. കോഴിക്കോട്ടും കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായ തിരുവനന്തപുരത്തും നില മെച്ചപ്പെടുത്തി മുന്നേറാമെന്നും കണക്കുകൂട്ടുന്നു.
ജില്ലാ പഞ്ചായത്തുകളിൽ 8 - 9 ആണ് യുഡിഎഫിന്റെ പ്രതീക്ഷ. നിലവിൽ ഭരണത്തിലുള്ള എറണാകുളം, മലപ്പുറം, വയനാട് എന്നിവയ്ക്കു പുറമേ കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉറച്ച വിജയപ്രതീക്ഷയുണ്ട്.
കോട്ടയത്തും തൃശൂരിലുമുൾപ്പെടെ മുന്നേറ്റം പ്രതീക്ഷിക്കുന്നുമുണ്ട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയി വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തുക എന്നതാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us