/sathyam/media/media_files/vNAG3GUKDRpBl89ClddX.jpg)
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കും. ഇതുവരെ തിരഞ്ഞെടുപ്പിൽ ചർച്ച ആകുന്ന വിഷയങ്ങൾ ഏതെന്ന അന്വേഷണത്തിൽ ആയിരുന്നു രാഷ്ട്രീയ മുന്നണികൾ എങ്കിൽ ഇനി അത് പ്രയോഗത്തിലേക്ക് കൊണ്ടു വരുന്നതിലാകും ശ്രദ്ധ വെയ്ക്കുക. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിലേക്ക് ഇനി 40 ദിവസം ഉണ്ടെന്നിരിക്കെ, മുന്നണികളുടെ ആവനാഴിയിൽ രാഷ്ട്രീയ ആയുധങ്ങൾ കുറച്ചൊന്നും പോരാതെ വരും. പൊതു വിഷയങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി എടുക്കാനുള്ള മുന്നണികളുടെ രാഷ്ട്രീയ കൗശലവും ഈ വരുന്ന ദിവസങ്ങളിൽ പരീക്ഷിക്കപ്പെടും.
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സംബന്ധിച്ചാണ് ഇപ്പോൾ ഇടത്- വലത് മുന്നണികളുടെ ഇപ്പോഴത്തെ ഏറ്റുമുട്ടൽ. പൗരത്വ നിയമം കൂടാതെ കേന്ദ്രാവഗണനയും ബി.ജെ.പിയുടെ വർഗീയ നയവും അതിനോട് കോൺഗ്രസ് സന്ധി ചെയ്യുന്നു എന്ന ആരോപണവും ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും ചർച്ചയാക്കി കൊണ്ടുവരിക എന്നതാണ് എൽ.ഡി.എഫ് താൽപര്യപ്പെടുന്നത്.
പൗരത്വ വിജ്ഞാപനത്തിനൊപ്പം ബി.ജെ.പി സർക്കാരിൻ്റെ വാഗ്ദാന ലംഘനം, ഇന്ധന - അവശ്യ സാധന വിലക്കയറ്റം, സംസ്ഥാന സർക്കാരിൻ്റെ അഴിമതി, സ്വജനപക്ഷപാതം , കരിമണൽ മാസപ്പടി കേസ്, എസ്.എഫ് ഐ അതിക്രമങ്ങൾ തുടങ്ങിയവയാണ് യു.ഡി എഫ് പ്രചരണ രംഗത്ത് ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ. ലാവ്ലിൻ കേസ് നിരന്തരം മാറ്റി വെയ്ക്കുന്നതും സ്വർണ കടത്ത് - ഡോളർ കടത്ത് കേസുകൾ അട്ടിമറിച്ചതും ചൂണ്ടിക്കാട്ടി സി.പി.എം - ബി.ജെ.പി അന്തർധാര തുറന്നു കാട്ടുക എന്നതും യു.ഡി.എഫ് അജണ്ടയാണ്.
മോദി ഗ്യാരൻ്റിയിലും ദേശീയ പാത അടക്കമുള്ള വികസന പ്രവർത്തനങ്ങളിലും ഊന്നിയാണ് ബി.ജെ.പിയുടെ പ്രചരണം മുന്നോട്ട് പോകുന്നത്. സർവ്വവും മോദിയിൽ സമർപ്പിച്ച് വ്യക്തികേന്ദ്രീകൃത പ്രചാരണ ശൈലി അവലംബിക്കുന്ന ബി.ജെ.പി ഇടത് - വലത് മുന്നണികളെ ഒരു പോലെ വിമർശിക്കുന്നു. ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തിൽ പ്രധാന മന്ത്രി നാല് തവണ എത്തി പറഞ്ഞ കാര്യങ്ങളും ബി.ജെ.പി പ്രചരണത്തിൽ ഉപയോഗിക്കും.
ന്യൂനപക്ഷ വോട്ടുകൾ നിലനിർത്താനും ആകർഷിക്കാനുമാണ് ഇടത് വലത് മുന്നണികൾ പരിശ്രമിക്കുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നതിനെ ഭയാശങ്കകളോടെ കാണുന്ന മുസ്ലിം ന്യൂനപക്ഷത്തിൻ്റെ പിന്തുണ വിജയത്തിന് ഏറെ നിർണായകമാണെന്ന തിരിച്ചറിവിലാണ് ഈ നീക്കം.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിൽ ആഞ്ഞടിച്ച രാഹുൽ തരംഗത്തിൽ ഇടത് മുന്നണി തകർന്നടിഞ്ഞിരുന്നു. ശബരിമല വിഷയവും തോൽവിയിൽ നിർണായക ഘടകമായി.
ഇത്തവണ ശബരിമല വിഷയം കെട്ടടങ്ങിയതിനാൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെയാണ് ഇത്തവണ എൽ.ഡി.എഫ് ഭയാശങ്കകളോടെ കാണുന്നത്.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം ഇതിൻെറ തെളിവാണ്. പ്രസംഗത്തിൽ പരാമർശിച്ച എല്ലാ വിഷയത്തിലും രാഹുലിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പൗരത്വ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ മടിച്ചുവെന്ന് ആരോപിച്ച മുഖ്യമന്ത്രി , സി.എ.എ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ എന്നും ചോദിച്ചു. ഭാരത് ജോഡോ എന്തായി പൗരത്വ ഭേദഗതിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നുണ്ടായിരുന്നു. വയനാട് അടക്കമുള്ള ജില്ലകളിലെ വന്യജീവി സംഘർഷത്തിലും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിച്ചു.
" വന്യജീവി സംഘർഷത്തിൽ നടപടി എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്യില്ലെന്നു കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞു. ബിജെപി യുടെ നിലപാടാണത്.കേരളത്തിനു സഹായം ചെയ്യണമെന്ന് വയനാട്ടിലെ എംപി ആവശ്യപ്പെട്ടോ.എന്തേ ആവശ്യപ്പെടാതിരുന്നത് ? ലോക്സഭയിൽ യുഡിഎഫ് പ്രതിനിധികളുടെ ശബ്ദം ഉയർന്നോ?" മുഖ്യമന്ത്രി വിമർശിച്ചു.
ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള എൽ.ഡി. എഫ് പ്രചാരണത്തി ന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുകയാണ് യു.ഡി.എഫും ചെയ്യുന്നത്. " രാഷ്ട്രീയ പ്രചരണം നടത്താനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു. പൗരത്വ ഭേതഗതിയിൽ ശശി തരൂരിൻ്റെ പ്രസംഗം അടക്കം മുഖ്യമന്ത്രിക്കയച്ച് കൊടുത്തു. വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് മുഖ്യമന്ത്രി. സി പി എം നേതാക്കൾക്ക് ബി ജെ പി നേതാക്കളുമായി ബിസ്നസ് പാർട്ണർഷിപ്പ് ഉണ്ട് " പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു. പ്രചാരണത്തിൻെറ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിയുള്ള ഏറ്റുമുട്ടൽ ഇതിലും രൂക്ഷമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us