പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ സി.പി.എമ്മിൽ പൊട്ടിത്തെറി. പ്രചരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി നടന്നതായാണ് ആക്ഷേപം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എ. പത്മകുമാറും ഹർഷകുമാറും തമ്മിലായിരുന്നു കയ്യാങ്കളി. പത്തനംതിട്ട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം തോമസ് ഐസക്കിന് വേണ്ടിയുളള പ്രചാരണത്തിൽ ചില നേതാക്കൾ ഉഴപ്പുന്നു എന്ന എ. പത്മകുമാറിൻെറ പരാമർശമാണ് വാക്കേറ്റത്തിലും തമ്മിലടിയിലും കലാശിച്ചത്.
യോഗം കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടയിൽ ജില്ലയിലെ സി.ഐ.ടി.യു നേതാവായ ഹർഷകുമാർ പത്മകുമാറിനെ അസഭ്യം പറഞ്ഞ് കൈയ്യാങ്കളി നടത്തിയെന്നാണ് ജില്ലാ നേതൃത്വത്തിന് മുന്നിലുളള പരാതി. കൈയ്യാങ്കളിക്കിടെ താഴെവീണ എ. പത്മകുമാർ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തിന് കത്ത് നൽകി.
ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിൽ വാക്കേറ്റവും കൈയ്യാങ്കളിയും അരങ്ങേറിയത്. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ വി.എൻ വാസവൻെറ സാന്നിധ്യത്തിലാണ് ഈ നാടകീയ രംഗങ്ങളെല്ലാം നടന്നത്. നേരത്തെ വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ജില്ലയിലെ സി.പി.എം ഇപ്പോൾ ഏറക്കുറെ ശാന്തമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ എത്തിനിൽക്കെ നേതാക്കൾ പരസ്യമായി തമ്മിലടിച്ചത് ജില്ലയിലെ പാർട്ടിക്ക് വലിയ നാണക്കേടായി. ഇത് രാഷ്ട്രീയ എതിരാളികൾ സംസ്ഥാന വ്യാപകമായി പ്രചരണ വിഷയമാക്കുമ്പോൾ സംസ്ഥാന നേതൃത്വവും മറുപടി പറയാൻ നിർബന്ധിതമാകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം അവലോകനം ചെയ്യുന്ന ചർച്ചയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിലെ ചിലർ തോമസ് ഐസക്കിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്നതായിരുന്നു പത്മകുമാറിൻെറ വിമർശനം.
ആദ്യ ഘട്ട പ്രചരണത്തിൽ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടിയ പത്മകുമാർ, ഇപ്പോൾ പ്രചരണം മോശമാണെന്നും തുറന്നടിച്ചു. ഇതിൽ പ്രകോപിതരായ മറുവിഭാഗം നേതാക്കൾ യോഗത്തിൽ വെച്ച് കാര്യമായ മറുപടി നൽകിയില്ലെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ ചോദ്യം ചെയ്യാൻ മുന്നോട്ടുവന്നു. ഇതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും എത്തിയത്. പ്രചരണത്തിൽ പാളിച്ചകളില്ലെന്നാണ് പത്മകുമാറിനെ എതിർക്കുന്നവരുടെ വാദം.
ഐസക്ക് എന്ന സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിച്ചാണ് പ്രചരണം മുന്നോട്ടുപോകുന്നത്. പാർട്ടി എന്ന നിലയിൽ അതിൽ ഇടപെടുന്നതിൽ പരിമിതി ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ പ്രചരണ രംഗത്ത് ഐസക്ക് മാത്രമായിരുന്നു. അപ്പോൾ ലഭിച്ച മേൽക്കൈ എല്ലായിപ്പോളും ലഭിക്കണമെന്നില്ലെന്നും അവർ പറയുന്നു. യു.ഡി.എഫിൻെറ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ ആൻേറാ ആന്റണിയുടെ പ്രചാരണം ആ ഘട്ടത്തിൽ തുടങ്ങിയിരുന്നില്ല. എന്നാൽ യു.ഡി.എഫും ബി.ജെ.പിയും കൂടി സജീവമായി കളത്തിലിറങ്ങിയതോടെ അവരും ഐസക്കിന് ഒപ്പമെത്തി.
പ്രധാനമന്ത്രി എത്തിയ പ്രചരണത്തോടെ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. ഇതിനപ്പുറം ഒന്നും പത്തനംതിട്ടയിൽ ഉണ്ടായിട്ടില്ലെന്നാണ് ജില്ലയിലെ നേതാക്കളുടെ അഭിപ്രായം. കൈയ്യാങ്കളിയെ തുടർന്ന് തിരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് രാജിവെച്ച പത്മകുമാറിനെ അനുനയിപ്പിക്കുകയും പ്രശ്നം പരിഹരിക്കുകയുമാണ് ജില്ലാ നേതൃത്വത്തിന് മുന്നിലുളള വെല്ലുവിളി.