/sathyam/media/media_files/2025/03/30/LHBriejVOmDZ6oju4XWn.jpg)
തൃശൂര്‍: നാളെ തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി സന്ദര്‍ശിച്ച് തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
കലോത്സവ ഒരുക്കം വിലയിരുത്തുകയും ഊട്ടുപുര സന്ദര്‍ശിക്കുകയും ചെയ്തു.
2026ലെ തൃശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്‌സറായിരിക്കും കലോത്സവമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂരം ഏറ്റെടുക്കുന്നതുപോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കും.
ക്ലാസിക് കലകളും മിമിക്രിയും കാണാനായി കാത്തിരിക്കുകയാണെന്നും എംപി പറഞ്ഞു.
കലോത്സവ വേദികള്‍ക്ക് നല്‍കിയ പേരില്‍ നിന്ന് താമര ഒഴിവാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചു.
എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്‌നം. രാഷ്ട്രം എന്ന് വിചാരിച്ചാല്‍ മതി. താമര കണ്ടാല്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുമോ?
താമരയില്‍ എങ്ങനെയാണ് രാഷ്ട്രീയം കാണാന്‍ കഴിയുന്നത്. സംഘാടകരെ ആരെങ്കിലും പറ്റിച്ചതാകാനാണ് സാധ്യത.
കലയില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. താമര പൂജാപുഷ്പമാണ്. കുളത്തില്‍ താമര വിരിഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ ആരെങ്കിലും പെട്രോളൊഴിച്ച് കത്തിക്കുമോ? എന്നും സുരേഷ് ഗോപി ചോദിച്ചു.
താമരയുടെ ചിത്രം ഉള്‍പ്പെടുത്തിയ മുണ്ട് ധരിച്ചാണ് സുരേഷ് ഗോപി വന്നത്.
കലോത്സവേദിക്ക് പുഷ്പങ്ങളുടെ പേര് നല്‍കിയതില്‍ താമരയുടെ പേര് ഇല്ലാതിരുന്നതില്‍ ബിജെപി പ്രതിഷേധിച്ചിരുന്നു.
താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം.
എന്നാല്‍ പിന്നീട് ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാന്‍ തീരുമാനിച്ചു.
64ാ-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെയാണ് തിരിതെളിയുക. 25 വേദികളിലായി മത്സരങ്ങള്‍ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മിനി പൂരം നടക്കും.
നാളെ രാവിലെ പ്രധാന വേദിയായ എക്‌സിബിഷന്‍ ഗ്രൗണ്ടിനു മുമ്പില്‍ ഒമ്പതുമണിയോടെ മേളം തുടങ്ങും.
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷക ഇനമായ ഇലഞ്ഞത്തറമേളത്തില്‍ കൊട്ടുന്ന പാണ്ടിമേളം പ്രധാന വേദിക്ക് മുമ്പില്‍ അരങ്ങേറും. 64 മത് കലോത്സവത്തെ ഓര്‍മിപ്പിക്കുന്ന 64 മുത്തുക്കുടകള്‍ അണിനിരക്കും.
തുടര്‍ന്ന് നൂറിലധികം മേള കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളത്തിന് തുടക്കമാകും. പൂരത്തിന്റെ മേള പ്രമാണിമാരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം അരങ്ങേറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us