കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതക ചോർച്ച ഉണ്ടായി. ഇതോടെ അരകിലോമീറ്റർ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ലോറി മറിഞ്ഞത്. ഇത് ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് വാൽവ് പൊട്ടി ചോർച്ചയുണ്ടായത്.
കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടയ്ക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകൾ എടുക്കും.
കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിൽ നേരത്തേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഈ വാർഡുകളിലെ സ്കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂർണമായും നിരോധിച്ച ശേഷമാണ് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടങ്ങിയത്.