നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കും. ടേം ഇളവ് ചർച്ചയായിട്ടില്ലെന്ന് എംഎ ബേബി. സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന ആരോപണം ആസൂത്രിതമെന്നും വിമർശനം

New Update
ma baby

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ടേം ഇളവ് സംബന്ധിച്ച കാര്യം പാർട്ടിയിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

കേരളത്തിൽ സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന ആരോപണം ആസൂത്രിതമാണെന്നും അത്തരമൊരു ആരോപണം ഉന്നയിക്കുന്നവർക്ക് ദൃഢഹിന്ദുത്വമാണുള്ളതെന്നും എം.എ. ബേബി പറഞ്ഞു. 

രാജ്യത്ത് മുസ്ലിം–ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമണങ്ങൾ വർധിക്കുകയാണെന്നും ഇതിന് പിന്നിൽ ഹിന്ദുത്വ വർഗീയ സംഘങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സർക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇത്തരം അക്രമണങ്ങൾക്ക് കാരണമെന്നും ബേബി പറഞ്ഞു.

ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നും കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും എം.എ. ബേബി വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ്, ലീഗ്, ബിജെപി ഒരുമിച്ചുനിന്നതിന്റെ ഫലമായാണ് ബിജെപി പലിടത്തും വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 12ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് സിപിഎം പൂർണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് നിയമം ദുർബലപ്പെടുത്തുന്നതിനെതിരായി ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ ഒരാഴ്ച നീളുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും എം.എ. ബേബി അറിയിച്ചു.

Advertisment