ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ബിസിനസ് അതികായൻമാരായ ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്ത്. ആദ്യ പത്തിൽ മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാംസ്ഥാനത്താണ് ഇദ്ദേഹം. 55,000 കോടിയാണ് യൂസഫലിയുടെ ആസ്തി. ഹുറൂൺ ഇന്ത്യ 2024 റിപ്പോർട്ടനുസരിച്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 40ാം സ്ഥാനത്താണ് യൂസഫലി.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഗോപിചന്ദ് ഹിന്ദുജ ആൻഡ് ഫാമിലി, എൽ.എൻ. മിത്തൽ ആൻഡ് ഫാമിലി, അനിൽ അഗർവാൾ ആൻഡ് ഫാമിലി എന്നിവരാണ് എൻ.ആർ.ഐ സമ്പന്ന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. 1,92,700 കോടിയാണ് ഗോപിചന്ദ് ഹിന്ദുജയുടെ കുടുംബത്തിന്റെയും ആസ്തി. എൽ.എൻ. മിത്തലിന് 1,60,900 കോടിയുടെയും അനിൽ അഗർവാളിന് 1,11,400 കോടിയുടെയും ആസ്തിയാണുള്ളത്.
ഷാപൂർ പല്ലോഞ്ജി മിസ്ത്രി, ജയ് ചൗധരി,ശ്രീ പ്രകാശ് ലോഹിയ, വിവേക് ചാന്ദ് സെഹ്ഗൽ ആൻഡ് ഫാമിലി, യൂസഫലി എം.എ, രാകേഷ് ഗാങ്‍വാൾ ആൻഡ് ഫാമിലി, റൊമേഷ് ടി. വധിവാനി എന്നിവരാണ് പട്ടികയിലെ മറ്റ് ശതകോടീശ്വരൻമാർ. അബൂദബി ആസ്ഥാനമായാണ് യൂസഫലി പ്രവർത്തിക്കുന്നത്. ലണ്ടനിലാണ് ശ്രീ പ്രകാശ് ലോഹ്യയുടെയും ബിസിനസ്.