നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം

New Update
PHOTO 1
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രാദേശിക കലാകാരന്മാര്‍ക്കായി ഒരുക്കിയിട്ടുള്ള 'ഇടം' പ്രദര്‍ശന വേദിയായ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്ന എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദർശനം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. പ്രശസ്ത ന്യൂസ് ഫോട്ടോ ജേണലിസ്റ്റ് മധുരാജ് ഒരുക്കിയ ഈ പ്രദര്‍ശനം കീടനാശിനിയുടെ വിനാശകരമായ ആഘാതങ്ങള്‍ സ്വന്തം ശരീരങ്ങളുടെ നേര്‍ക്കാഴ്ചയായി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ഒരു ജനസമൂഹത്തിന്റെ സാക്ഷ്യപത്രമാണ്.

ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന 'ഇടം', മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്പേസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

കാസർകോട്ടെ ദുരിതബാധിതരായ കുടുംബങ്ങളുടെ ദീർഘകാലത്തെ പോരാട്ടവും എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കുന്നതിലേക്ക് നയിച്ച ഒരു പതിറ്റാണ്ട് നീണ്ട ജനകീയ മുന്നേറ്റവും മധുരാജ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. കണ്ടുനില്‍ക്കാന്‍ പോലും പറ്റാത്ത വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ, ആത്മഹത്യ ഉൾപ്പെടെയുള്ള കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങൾ, നീതിക്കും പുനരധിവാസത്തിനുമായി പോരാടുന്ന ജനത തുടങ്ങിയ ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Advertisment

PHOTO 2



എൻഡോസൾഫാന്റെ ഭീകരതയിലേക്ക് ദേശീയ-അന്തർദേശീയ ശ്രദ്ധ തിരിക്കുന്നതിൽ പത്ത് വർഷത്തോളമെടുത്ത് പകർത്തിയ ഈ ചിത്രങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. ഇതിനെ വെറുമൊരു "ദുരന്തം" എന്ന് വിളിക്കുന്നത് ഇരകളോടുള്ള അവഹേളനമാണെന്ന് തോന്നിപ്പിക്കും വിധം തീവ്രമാണ് പ്രദർശനത്തിലെ ഓരോ ഫോട്ടോയും.

കീടനാശിനിയുടെ ഉപയോഗം തുടങ്ങിയ ആദ്യത്തെ ഇരുപത്തിയഞ്ച് വർഷം ഈ വിഷത്തിനെ ന്യായീകരിക്കാനുള്ള ശ്രമമായിരുന്നെങ്കില്‍, തുടർന്നുള്ള വർഷങ്ങളിൽ മാധ്യമങ്ങൾ, ശാസ്ത്രജ്ഞർ, എൻ‌ജി‌ഒകൾ, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഇതിന്റെ  പ്രത്യാഘാതങ്ങൾ പുറത്തുവന്നതെന്ന് മധുരാജ് ഓർമ്മിക്കുന്നു.

Edam logo

എൻഡോസൾഫാന്റെ ആഘാതത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഭരണ-ഉദ്യോഗസ്ഥവൃന്ദത്തിലെ ചില വിഭാഗങ്ങൾ ഇപ്പോഴും ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലെന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും മുന്നിലാണ് അധികാരികൾ ഒടുവിൽ വഴങ്ങിയതെന്നും, രാഷ്ട്രീയ ഇച്ഛാശക്തി ദുർബലമാകുമ്പോൾ ഉദ്യോഗസ്ഥ തലത്തിൽ പ്രതിരോധം കടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2001-ൽ കാസർകോട് ജില്ലയിലെ കീടനാശിനി വിനാശം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഗ്രാമങ്ങളിൽ നിന്നാണ് ഈ ഫോട്ടോ പരമ്പരയുടെ തുടക്കം. ഇത് പിന്നീട് പൊതു പ്രചാരണങ്ങൾക്കും നിയമപരമായ ഇടപെടലുകൾക്കും നയപരമായ സംവാദങ്ങൾക്കും ഊർജ്ജം പകർന്നു. ഈ ചിത്രങ്ങളിൽ പലതും എൻഡോസൾഫാൻ നിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മുൻപ് കേരളത്തിലുടനീളം 400-ലധികം കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച "വിഷരഹിത ഭൂമി" എന്ന ഫോട്ടോ പ്രചാരണത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ പ്രദർശനം. ഇത്തരം നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് 2011-ൽ സ്റ്റോക്ക്ഹോം കൺവെൻഷനിലൂടെ എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കപ്പെട്ടത്.

പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ബിനാലെ പോലുള്ള വേദികൾ അനുയോജ്യമാണെന്ന് മധുരാജ് വിശ്വസിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സാംസ്കാരിക നായകരും ചിന്തകരും എത്തുന്ന ഈ വേദിയിലൂടെ, പ്രാദേശികമായ പാരിസ്ഥിതിക ദുരന്തത്തെ ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നുവെന്നും മധുരാജ് കൂട്ടിച്ചേര്‍ത്തു.

മലയാളികളായ 36 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും  കലാ പ്രോജക്റ്റുകളാണ് ‘ഇട’ത്തിൽ പ്രദർശിപ്പിക്കുന്നത്.
Advertisment