കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും അമൃത വിശ്വവിദ്യാപീഠം സ്ക്കൂൾ ഓഫ് ഫിസിക്കൽ സയൻസ് ഡീനുമായ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം.

New Update
mahadevan-pillai

കൊച്ചി: കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും അമൃത വിശ്വവിദ്യാപീഠം സ്ക്കൂൾ ഓഫ് ഫിസിക്കൽ സയൻസ് ഡീനുമായ ഡോ. വി പി മഹാദേവൻ പിള്ള (68) അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം. 

Advertisment

എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം.

നാളെ രാവിലെ 8 മണിക്ക് കൊച്ചി അമൃത ഹോസ്പിറ്റലിൽ നിന്നും തിരിച്ചു ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സേനറ്റ് ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും.

11ന്‌ ഉച്ചക്ക് 1 മണിക്ക് തിരുവനന്തപുരം തൈക്കാടു ശാന്തി കവാടത്തിലാണ് സംസ്‍കാരം.

കേരള സർവകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും അപ്ലെെഡ് സയൻസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് 2018ൽ അദ്ദേഹത്തെ കേരള സർവകലാശാല വെെസ് ചാൻസലറായി നിയമിക്കുന്നത്. 

mahadevan

അന്നത്തെ ഗവർണറും സർവകലാശാല ചാൻസലറുമായ പി സദാശിവമാണ് മഹാദേവൻ പിള്ളയെ നാല് വർഷത്തേക്ക് വെെസ് ചാൻസലറായി നിയമിച്ചത്.

 കേരള സർവ്വകലാശാലയിൽ നിന്ന് 1980ൽ ബിഎസ്‌സി, 1982ൽ എംഎസ്‌സി, 1992-ൽ എം.ഫിൽ, 1996-ൽ പിഎച്ച്ഡി എന്നിവ പൂർത്തിയാക്കിയ അദ്ദേഹം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ലക്ചറർ ആയി സേവനമനുഷ്ഠിച്ചു. 

2001 മെയ് 17ന് കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വകുപ്പിൽ റീഡറായി ചേർന്നു. 2005 ജൂലൈ 1ന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 

ആകെ 36 വർഷത്തെ അദ്ധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി  അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാംപസിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ സയൻസ് ഡീനായി പ്രവർത്തിച്ചു വരികയായിരുന്നു.

Advertisment